തിരുവനന്തപുരം: ഇനി ദിവസങ്ങള്‍ മാത്രം… വേഗമാകട്ടെ… ഭാഗ്യം പരീക്ഷണം തകൃതിയായി നടക്കുകയാണ്. നറുക്കെടുപ്പിന് കേവലം 4 നാള് മാത്രം മുന്നില്‍ നില്‍ക്കെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംബര്‍ വില്‍പ്പന 63 ലക്ഷത്തിലേക്ക് കടന്നിരിക്കുന്നു.
ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വില്‍ക്കാനായി നല്‍കിയിട്ടുള്ളത്. 7 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇനി വിപണിയിലുള്ളത്. 4 ദിവസം കൂടി മാത്രം അവശേഷിക്കെ ഇതു മുഴുവന്‍ വിറ്റുപോകുമെന്നാണു പ്രതീക്ഷ.
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബംബര്‍ വിപണിയിലുള്ളത്.
ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. സബ് ഓഫിസുകളിലേതുള്‍പ്പെടെ 11,76,990 ടിക്കറ്റുകള്‍ അവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടു. 8,24,140 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 7,68,160 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും പിന്നാലെയുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ ഇനി ഒരു ലക്ഷം ടിക്കറ്റില്‍ താഴെയേ വില്‍ക്കാനുള്ളു. കൊല്ലം ജില്ലയില്‍ അവശേഷിക്കുന്നത് 23,000 ടിക്കറ്റ് മാത്രം. പത്തനംതിട്ടയില്‍ 12,000 ടിക്കറ്റുകളേ വിപണിയിലുള്ളു. കോട്ടയത്ത് 23,000 ടിക്കറ്റുകളും ആലപ്പുഴയില്‍ 15,000 ടിക്കറ്റുകളുമാണ് അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: