ജമ്മു: ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ലയുടെ കൊലപാതകത്തിൽ ഖേദിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയെ വിമർശിച്ച് ബിജെപി.
മെഹബൂബ മുതലക്കണ്ണീർ പൊഴിക്കുകയും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്നും അവർ ഒരു തീവ്രവാദി അനുകൂലിയാണെന്നും ബിജെപി ദേശീയ വക്താവ് ആർ.പി സിംഗ് പറഞ്ഞു. മെഹബൂബ പ്രചാരണം റദ്ദാക്കുന്നതിലൂടെ തീവ്രവാദികളുടെ മരണത്തിൽ അവർ കണ്ണീർ പൊഴിക്കുകയാണെന്ന് തെളിയിച്ചു. തീവ്രവാദികളെ രക്തസാക്ഷികൾ എന്ന് വിളിക്കുന്നത് അവരുടെ ശീലമാണെന്ന് അദ്ദേഹം തുറന്നടിച്ചു.
കുറച്ചുകാലം മുമ്പ് ബുർഹാൻ വാനിയെ ഓർത്ത് അവർ കരഞ്ഞിരുന്നു. തീവ്രവാദികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൽ അവർ തനിച്ചല്ല. ബട്‌ല ഹൗസിൽ കൊല്ലപ്പെട്ട ഭീകരർക്കുവേണ്ടി സോണിയ ഗാന്ധിയും കണ്ണീർ പൊഴിച്ചു. ഇൻഡി സഖ്യത്തിലെ എല്ലാ നേതാക്കളും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. അവരെ സംബന്ധിച്ചിടത്തോളം രാജ്യം ഒന്നാമതെത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുതിർന്ന ബിജെപി നേതാവായ കവിന്ദർ ഗുപ്തയും മെഹബൂബയുടെ നിലപാടിനെ അപലപിച്ചു. ഭീകരനായ നസ്‌റല്ലയുടെ മരണത്തിൽ മെഹബൂബ മുഫ്തിക്ക് എന്ത് പ്രശ്‌നമാണുള്ളത്. ബംഗ്ലാദേശിലും പാകിസ്ഥാനിലും ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ മെഹബൂബയിൽ നിന്ന് കടുത്ത നിശബ്ദതയാണ് കാണാൻ സാധിക്കുക.
എന്നാൽ ഇസ്രായേലിനെ ആക്രമിച്ച കമാൻഡർ ഉൾപ്പെടെ എട്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവർ തന്റെ കാമ്പയിൻ റദ്ദാക്കി. ഇത് മുതലക്കണ്ണീരാണ്. അവരുടെ ഉദ്ദേശ്യങ്ങൾ ആളുകൾ മനസ്സിലാക്കുന്നുവെന്നും കവിന്ദർ പറഞ്ഞു.
ലെബനനിലെയും ഗാസയിലെയും രക്തസാക്ഷികളോട് പ്രത്യേകിച്ച് ഹസൻ നസ്‌റല്ലയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഞായറാഴ്ച തന്റെ തിരഞ്ഞെടുപ്പ് കാമ്പയിൻ റദ്ദാക്കുന്നുവെന്നായിരുന്നു മെഹ്ബൂബ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: