ഭുവനേശ്വർ: കോൺഗ്രസിനെ ‘അർബൻ നക്‌സലുകളുടെ വക്താവ് ‘ എന്ന് മുദ്രകുത്തി ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ബിജെപിയുടെ അംഗത്വ കാമ്പയിൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനകത്ത് ശിഥിലീകരണ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ മുഖ്യവക്താക്കളാണ് കോൺഗ്രസ് എന്ന് അദ്ദേഹം തുറന്നടിച്ചു. കോൺഗ്രസ് ഇപ്പോൾ ദേശീയതയെ മറന്നിരിക്കുകയാണ്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനരുജ്ജീവിപ്പിക്കാൻ വാദിക്കുന്നവരുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതിനെയും അദ്ദേഹം നിശിതമായി വിമർശിച്ചു.
2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കീഴിലാണെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. കൂടാതെ ഇടത് പാർട്ടികളെയും അദ്ദേഹം വിമർശിച്ചു. ഇടത് പാർട്ടികൾക്ക് ദിശാബോധമില്ലെന്നും കേരളം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ അവർ തമ്മിൽ ചേരിപ്പോരിൽ ഏർപ്പെടുകയും ദൽഹിയിൽ ഫോട്ടോ അവസരങ്ങൾക്കായി അവർ ഒന്നിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പരിഹാസേന വിമർശിച്ചു.
സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ച വിഷയങ്ങളെയും അദ്ദേഹം എടുത്ത് കാട്ടി. കോൺഗ്രസ് മുത്തലാഖ് സമ്പ്രദായം നിർത്തലാക്കാത്തത് അദ്ദേഹം ചൂണ്ടിക്കാട്ടി. അവർ മുസ്ലീം സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്തത്. എന്നാൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ മോദി സർക്കാർ മികച്ചു നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്‌തമായി ബിജെപി “സബ്‌കാ സാത്ത്, സബ്‌കാ വിശ്വാസ്, സബ്‌കാ പ്രയാസ്” എന്ന മന്ത്രത്തിന് കീഴിൽ സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് നദ്ദ തറപ്പിച്ചു പറഞ്ഞു. അതേസമയം കോൺഗ്രസ് താഴേത്തട്ടിൽ നിന്ന് നേതാക്കളെ ഉയർന്നുവരാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൊഴിലില്ലായ്മയും പണപ്പെരുപ്പവും സംബന്ധിച്ച് കോൺഗ്രസ് നേതാക്കളായ രാഹുലിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും വിമർശനങ്ങളോട് പ്രതികരിച്ച നദ്ദ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവന്നിട്ടുണ്ടെന്നും കളിപ്പാട്ടങ്ങളും മൊബൈലുകളും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണെന്നും പറഞ്ഞു. കോൺഗ്രസ് സഹോദരങ്ങൾക്ക് സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
അതേ സമയം ഭുവനേശ്വറിലെത്തിയ നദ്ദയ്‌ക്ക് പാർട്ടി പ്രവർത്തകരും മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും ഒഡീഷ ബിജെപി അധ്യക്ഷൻ മൻമോഹൻ സമാലും ഉൾപ്പെടെയുള്ള നേതാക്കളും ഊഷ്മളമായ സ്വീകരണം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: