ഭോപാല്‍: ലോക്മന്ഥന് പരിപാടികള്‍ ഗോത്രസമൂഹത്തിന്റെ തനിമയും പ്രൗഢിയും ഉയര്‍ത്തിക്കാട്ടുന്നതാണെന്ന് കേന്ദ്ര ജനജാതികാര്യ സഹമന്ത്രി ദുര്‍ഗാദാസ് ഉയികെ. ഭോപാല്‍ ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയയില്‍ പ്രീ-ലോക്മന്ഥന് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് ദിവസത്തെ വനവാസി ഔഷധ ശിബിരവും ശില്പശാലയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഗോത്രവര്‍ഗജനത പ്രകൃതിയെ ആരാധിക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ലോക്മന്ഥന് വനവാസി ജനതയില്‍ ദേശീയ അവബോധം ഉണര്‍ത്തുകയാണ് ചെയ്യുന്നത്. ഭാരതത്തിന്റെ ദേശീയവീരന്മാരുടെ ജീവിതകഥകളില്‍ ഗോത്രവര്‍ഗജനതയുടെ ചരിത്രവും ഇഴചേര്‍ന്നിട്ടുണ്ട്. ഭഗവാന് രാമന് മുതല്‍ ആചാര്യ ചാണക്യന് വരെ വനവാസി സമൂഹത്തിനിടയില്‍ ജീവിക്കുകയും പ്രേരണ ഉള്‍ക്കൊള്ളുകയും ചെയ്തുവെന്ന് ദുര്‍ഗാദാസ് ഉയികെ പറഞ്ഞു.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
പദ്മശ്രീ പുരസ്കാര ജേതാക്കളായ യാനു ലെഗോ, കല്ലാര്‍ ലക്ഷ്മിക്കുട്ടി, അര്ജുന് സിങ് ധുര്‍വെ എന്നിവരെ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ഷാളും മെമന്റോയും നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: