തിരുപ്പതി: മൃഗക്കൊഴുപ്പ് അടങ്ങിയ തിരുപ്പതി പ്രസാദത്തെ ചൊല്ലിയുള്ള ആരോപണങ്ങൾ രൂക്ഷമായതോടെ ദേവാലയത്തിന്റെ പവിത്രത വീണ്ടെടുക്കുന്നതിനായി ഇന്ന് ശാന്തിഹോമവും ഏകദിന പരിശോധനയും നടത്തുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ക്ഷേത്രത്തിന്റെ ഉൾഭാഗത്ത് സ്ഥിതി ചെയ്യുന്ന യാഗശാലയിൽ മൂന്ന് ഹോമകുണ്ഡങ്ങൾ സ്ഥാപിച്ചാണ് ചടങ്ങുകൾ നടത്തുകയെന്ന് ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസർ ജെ.ശ്യാമള റാവു പറഞ്ഞു.
വെങ്കിടേശ്വര ഭഗവാന്റെ വിവിധ പരിപാടികളിലോ മതപരമായ ചടങ്ങുകളിലോ ഉണ്ടായേക്കാവുന്ന ഏതെങ്കിലും ദോഷങ്ങൾ ഇല്ലാതാക്കാൻ എല്ലാ വർഷവും പവിത്രമായ ഹോമം നടത്താറുണ്ട്. ഭക്തരിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും സമാധാനപരമായ മനസ്സോടെ പ്രാർത്ഥിക്കുന്നതിനും വേണ്ടിയാണ് ശാന്തിഹോമങ്ങൾ നടത്തുന്നത്. ഇതോടെ ദേവാലയത്തിന്റെ പവിത്രതയും ഭക്തരുടെ വിശ്വാസവും വീണ്ടെടുക്കാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.
അതേ സമയം തിരുപ്പതി പ്രസാദത്തിൽ മായം ചേർത്തെന്ന സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഞായറാഴ്ച പറഞ്ഞു. എസ്ഐടി സംഘം സർക്കാരിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ തങ്ങൾ നടപടിയെടുക്കുമെന്നും നായിഡു വ്യക്തമാക്കി.
ഇതിനു പുറമെ പരാജയപ്പെട്ട വാഗ്ദാനങ്ങൾ മറയ്‌ക്കാൻ നായിഡു വഴിതിരിച്ചുവിടൽ തന്ത്രങ്ങൾ പയറ്റുകയാണെന്ന ജഗൻ മോഹൻ റെഡ്ഡിയുടെ
പരാമർശത്തോടും അദ്ദേഹം പ്രതികരിച്ചു. ജഗൻ മോഹൻ റെഡ്ഡി വിഡ്ഢിത്തമാണ് സംസാരിക്കുന്നതെന്നും 100 ദിവസം പോലും ആയിട്ടില്ല തങ്ങളുടെ സർക്കാർ അധികാരത്തിൽ എത്തിയിട്ടെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബർ 19 നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു മുൻ വൈഎസ്ആർസിപി സർക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിൽ ലഡ്ഡു പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: