പതിനെട്ടുപുരാണങ്ങളും പതിവായി പൂജിച്ചാരാധിക്കുന്ന ഭാരതത്തിലെത്തന്നെ അപൂര്‍വ്വ ക്ഷേത്രമാണ് ചീക്കാമുണ്ടി മഹാവിഷ്ണുക്ഷേത്രം. തൃശൂര്‍ ജില്ലയിലെ കൊടകരക്കടുത്ത് തേശ്ശേരിയിലാണ് കിഴക്കോട്ട് അഭിമുഖമായി പരിലസിക്കുന്ന ഈ ക്ഷേത്രമുള്ളത്.
അമൂല്യങ്ങളായ ചതുര്‍വേദങ്ങളും 18 പുരാണങ്ങളും ഇതിഹാസങ്ങളും നിത്യവും പൂജിച്ച് ആരാധിക്കാനായി ഇവിടത്തെ വലിയമ്പലത്തില്‍ പുരാണമണ്ഡപം ഒരുക്കിയിരിക്കുന്നു. പതിനെട്ടുപുരാണങ്ങളിലെ ഏതെങ്കിലും ഗ്രന്ഥത്തിലെ ഒരു അധ്യായം നിത്യവും ഇവിടെ പരായണം ചെയ്യുമെന്ന പ്രത്യേകതയുമുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന ക്ഷേത്രം അനവധികാലം അന്യാധീനപ്പെട്ടു തകര്‍ന്നനിലയിലായിരുന്നു. 42 വര്ഷംമുന്പ് ശ്രീകോവിലില്‍നിന്നും തലയില്ലാത്ത മഹാവിഷ്ണുവിന്റെ വിഗ്രഹം മാത്രമാണ് കണ്ടുകിട്ടിയത്. കേരള ക്ഷേത്ര സംരക്ഷണ സമിതിയാണ് 1982-ല്‍ ക്ഷേത്രം പുനരുദ്ധരിക്കാന്‍ മുന്നിട്ടിറങ്ങിയത്. എന്നാല്‍ ക്ഷേത്രമിരിക്കുന്ന 38 സെന്റ് സ്ഥലം അന്ന് അഞ്ച് ക്രിസ്ത്യന്‍ കുടുംബങ്ങളുടെ കൈയിലായിരുന്നു. അവര്‍ ഏറെ സന്തോഷത്തോടെയാണ് ക്ഷേത്ര സംരക്ഷണ സമിതിക്ക് ഈ ഭൂമി വിട്ടുനല്‍കിയത്.
ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് ഭക്തര്‍ക്കായി തുറന്നു കൊടുത്തതോടെ കാടുമൂടിക്കിടന്നിരുന്ന ദേവസന്നിധി ഭാരതത്തിലെതന്നെ അപൂര്വ്വതകളുള്ള ക്ഷേത്രമാക്കിമാറ്റാന് ക്ഷേത്ര സംരക്ഷണ സമിതിക്കായി. ഒന്നരപ്പതിറ്റാണ്ടുമുമ്പ് ഈ പരമപവിത്രമായ ക്ഷേത്രസന്നിധിയില്‍ ക്ഷേത്രം തന്ത്രി കാരുമാത്ര വിജയന്റെ കാര്‍മ്മികത്വത്തില്‍ 18 വേദികളിലായി 35 ആചാര്യന്മാരാല് സമ്പൂര്‍ണ്ണ പുരാണപാരായണത്തോടെ അഷ്ടാദശ പുരാണ മഹായജ്ഞം നടന്നു. അങ്ങനെ വൈകുണ്ഠ സമാനമായി ഈ പുണ്യ ക്ഷേത്രം മാറി. 18 ദിവസം കൊണ്ട് 18 പുരാണങ്ങളെ കുറിച്ച് പ്രഭാഷണവും നടന്നു. വര്‍ഷാവര്‍ഷം നിരവധി ജ്ഞാന യജ്ഞങ്ങള്‍ ഈ ക്ഷേത്രത്തില്‍ നടക്കുന്നു. ഒരു പതിറ്റാണ്ടു മുമ്പാണ് ഇവിടെ വിവിധ ക്ഷേത്ര സമിതികളെ പങ്കെടുപ്പിച്ചുകൊണ്ട് വൈഷ്ണവ സാധന മഹായജ്ഞം നടന്നത്. ക്ഷേത്രസമിതി പ്രവര്‍ത്തകര്‍ 101 വിഷ്ണു സഹസ്രനാമ സമൂഹാര്‍ച്ചന നടത്തി. ഇതിന്റെ സമാപനത്തിലാണ് വൈഷ്ണവ സാധന മഹാ യജ്ഞത്തിന് ചീക്കാമുണ്ടിത്തേവരുടെ സന്നിധി വേദിയായത്.
അശ്വതി നാളില്‍ മുടങ്ങാതെ നിരവധി ഭക്തര്‍ പങ്കെടുക്കുന്ന വിഷ്ണു സഹസ്രനാമ സമൂഹാര്‍ച്ചന ഇവിടെ നടന്നുവരുന്നു. എല്ലാ മാസവും ആദ്യ ശനിയാഴ്ച ശനീശ്വര പൂജയും അര്‍ച്ചനയും രണ്ടാം വെള്ളിയില്‍ ലളിതസഹസ്രനാമ സമൂഹാര്ച്ചയും മൂന്നാം വ്യാഴാഴ്ച സമ്പൂര്‍ണ്ണ നാരായണീയ പാരായണവും നടക്കുന്നു.
മീനമാസത്തില്‍ കൊടിയേറ്റും ആറാട്ടുമടക്കം എട്ടു ദിവസത്തെ ഉത്സവമാണ് ഇവിടെ പ്രധാനം. ഉത്സവനാളുകളില്‍ അഷ്ടാദശ പുരാണങ്ങളില്‍ ഒന്ന് സമ്പൂര്‍ണ്ണ പാരായണം നടത്തും. ഭഗവാന് വ്യാസന്റെ സാന്നിധ്യമുള്ള പുരാണ മണ്ഡപത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വ്യാസപൂജയും നടത്തിവരുന്നു. അറിവിന്റെ ഹരിശ്രീ കുറിക്കുന്ന വിജയദശമി നാളില്‍ നിരവധി കുട്ടികളെ പുരാണമണ്ഡപത്തിനുമുന്പില് എഴുത്തിനിരുത്താറുണ്ട്.
നാലുപതിറ്റാണ്ടായി കേരളക്ഷേത്രസംരക്ഷണസമിതിയുടെ കീഴിലുള്ള ഈ ദേവാലയം ആധ്യാത്മികതയുടെ ഔന്നത്യത്തില്‍ ശോഭിക്കുമ്പോഴും നിര്‍ധനരായ നിരവധിപേര്‍ക്ക് ആശ്വാസമേകുന്നു.
ഭഗവാന്റെ കാരുണ്യപദ്ധതി പ്രകാരം 52 പേര്‍ക്ക് പെന്ഷന് നല്കുന്നു.
കൃഷിക്കും ശുചിത്വത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന ഈ സന്നിധിയില്‍നിന്നും വര്‍ഷത്തില്‍ രണ്ടുതവണ ഭക്തര്‍ക്ക് വിത്തുകളും ചെടികളും വിതരണം ചെയ്യുന്നുമുണ്ട്. പുരാണപാരായണത്തിലൂടെ ശ്രദ്ധേയമാകുന്ന ക്ഷേത്രം കലകളുടേയും സംഗമഭൂമിയാണ്. മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയില്‍ പരിശീലനം നേടിയ 11 വിദ്യാര്‍ഥികള്‍ ഇന്ന് വൈകീട്ട് ക്ഷേത്രനടപ്പുരയില്‍ കൊട്ടിക്കയറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: