World

നെതന്യാഹുവിനെ വധിക്കാന്‍ ഗൂഢാലോചന; ഇസ്രയേലി പൗരന്‍ അറസ്റ്റില്‍

Published by

ടെല്‍ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഉന്നതരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഇസ്രയേലി പൗരന്‍ അറസ്റ്റില്‍. തുര്‍ക്കി ബന്ധമുള്ള വ്യവസായി, ഇസ്രയേലിന്റെ തെക്കന്‍ നഗരമായ അഷ്‌കലോണില്‍ നിന്നുള്ള മോതി മാമന്‍ എന്ന 73-കാരനാണ് സുരക്ഷാ സേനയുടെ പിടിയിലായത്.

ഇറാന്റെ പിന്തുണയോടെ ഇയാള്‍ ഗൂഢാലോചന നടത്തിയെന്നാണ് സംശയം. ബെഞ്ചമിന്‍ നെതന്യാഹു, ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സിയായ ഷിന്‍ ബെത്തിന്റെ മേധാവി എന്നിവരെ വധിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനായി ഇറാനില്‍ നടന്ന രണ്ട് യോഗങ്ങളില്‍ ഇയാള്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞമാസം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഷിന്‍ ബെത്തും ഇസ്രയേലി പോലീസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് തവണയും അതീവ രഹസ്യമായാണ് ഇയാള്‍ ഇറാനിലേക്ക് പോയത്. ദൗത്യം നടപ്പാക്കാനായി ഇറാന്റെ പക്കല്‍ നിന്ന് ഇയാള്‍ പണം കൈപ്പറ്റിയെന്നും പ്രസ്താവനയില്‍ പറയുന്നു.

ഒരുപാട് കാലം തുര്‍ക്കിയില്‍ താമസിച്ചിരുന്ന ഇയാള്‍ക്ക് അവിടെയുള്ള തുര്‍ക്കിഷ്, ഇറാനിയന്‍ പൗരന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഏപ്രിലില്‍ മോതി മാമന്‍ രണ്ട് തുര്‍ക്കിഷ് പൗരന്മാരുടെ ഇടനിലയില്‍ ഇറാനില്‍ താമസിക്കുന്ന കോടീശ്വരനായ എഡ്ഡിയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സിറിയന്‍ അതിര്‍ത്തിക്ക് സമീപ നഗരമായ സമന്‍ദാഗിലായിരുന്നു കൂടിക്കാഴ്ച. ഇവിടെ വച്ച് ഇയാള്‍ എഡ്ഡിയുമായി ഫോണില്‍ സംസാരിച്ചു. മെയില്‍ സമന്‍ദാഗില്‍ വീണ്ടും കൂടിക്കാഴ്ച നടന്നുവെന്നും അധികൃതര്‍ അറിയിച്ചു.

എഡ്ഡിക്ക് ഇറാനില്‍ നിന്ന് പുറത്തുവരാന്‍ കഴിയാത്തതിനാല്‍ മോതി മാമനെ കിഴക്കന്‍ തുര്‍ക്കിയിലെ അതിര്‍ത്തി വഴി രഹസ്യമായി ഇറാനിലെത്തിച്ചു. ഇവിടെവച്ച് മാമന്‍ എഡ്ഡിയുമായും ഇറാന്‍ സുരക്ഷാ സേനയിലെ അംഗമെന്ന് പരിചയപ്പെടുത്തിയ ഖ്വജ എന്നയാളുമായും കൂടിക്കാഴ്ച നടത്തി. എഡ്ഡിയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആഗസ്തില്‍ വീണ്ടും മാമന്‍ ഇറാനിലെത്തി എഡ്ഡിയുള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് നെതന്യാഹു ഉള്‍പ്പെടെയുള്ളവരെ വധിക്കാനുള്ള ഗൂഢാലോചന നടന്നത്. ഇതിനുശേഷം ഇസ്രയേലിലെത്തിയപ്പോഴാണ് മോതി മാമന്‍ അറസ്റ്റിലാകുന്നതെന്നും ഷിന്‍ ബെത് പ്രസ്താവനയില്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by