അല്‍വാര്‍ (രാജസ്ഥാന്): അല്‍വാര്‍ (രാജസ്ഥാന്): തൊട്ടുകൂടായ്മയെ സമ്പൂര്‍ണമായും തുടച്ചു നീക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ധര്‍മത്തെ മറന്ന് സ്വാര്‍ത്ഥം ജീവിത ശൈലിയാക്കിയതു മൂലമാണ് ഉച്ചനീച ഭാവനകള്‍ വര്‍ധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു പൂര്‍ണമായും ഇല്ലാതാക്കണം. സംഘ പ്രവര്‍ത്തനം കൊണ്ട് അതു സാധ്യമാക്കണം. ക്ഷേത്രങ്ങളും വെള്ളവും ശ്മശാനങ്ങളും എല്ലാവര്ക്കും ഒരുപോലെ ഉപയോഗിക്കാനാകണം. സമൂഹ മനസില്‍ ഇതിനനുകൂലമായ മാറ്റമുണ്ടാക്കണം, സര്‍സംഘചാലക് പറഞ്ഞു. അല്‍വാര്‍ ഇന്ദിര ഗാന്ധി മൈതാനത്തെ ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക സമരസത, പരിസ്ഥിതി സംരക്ഷണം, കുടുംബ പ്രബോധനം, സ്വദേശി, പൗരധര്‍മം തുടങ്ങിയ അഞ്ചു വിഷയങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കാന്‍ സ്വയംസേവകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഓരോരുത്തരും ഇക്കാര്യങ്ങള്‍ ജീവിതത്തില്‍ നടപ്പാക്കുമ്പോള്‍ സമൂഹവും അതു പിന്തുടരും. സംഘ പ്രവര്‍ത്തനം നൂറാം വര്‍ഷത്തിലേക്കു കടക്കുകയാണ്. മാറ്റമില്ലാതെ തുടരുന്ന ഈ പ്രവര്‍ത്തന ശൈലിക്കു പിന്നിലെ ആദര്‍ശം എല്ലാവരും ഉള്‍ക്കൊള്ളണം. രാഷ്ട്രത്തെ പരമ വൈഭവശാലിയാക്കുകയാണ് നമ്മുടെ ലക്ഷ്യം. ഹിന്ദു ഈ രാഷ്ട്രത്തെ നയിക്കുന്ന ആദര്‍ശമാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.
ഇതിനായി മുഴുവന്‍ സമൂഹത്തെയും സമര്ത്ഥമാക്കണം. ഹിന്ദു ധര്‍മ്മം വാസ്തവത്തില്‍ മാനവധര്‍മ്മം തന്നെയാണ്. ഇത് ലോകത്തിന്റെയാകെ ക്ഷേമം ആഗ്രഹിക്കുന്നു. ഹിന്ദു എന്നാല്‍ ലോകത്തിലെ ഏറ്റവും ഉദാരമനസ്കനായ, എല്ലാം അംഗീകരിക്കുന്ന മനുഷ്യന് എന്നാണ് അര്‍ത്ഥമാക്കുന്നത്. എല്ലാവരോടും നല്ല മനസോടെ പെരുമാറുന്നവന്. ശക്തരായ പൂര്‍വികരുടെ പിന്‍ഗാമിയാണ് അവന്. ജാതിയോ വിശ്വാസങ്ങളോ ആരാധനാ രീതികളോ ഭാഷയോ പ്രദേശമോ ഏതുമാകട്ടെ നമ്മെ നയിക്കുന്ന മൂല്യങ്ങള്‍, സംസ്കാരം ഒന്നാണ്. അതിന്റെ പേരാണ് ഹിന്ദു, മോഹന്‍ ഭാഗവത് പറഞ്ഞു.
ആര്‍എസ്എസ് എന്താണെന്ന് ഇന്ന് എല്ലാവര്ക്കും അറിയാം. നേരത്തെ ആരും സംഘത്തില്‍ വിശ്വസിച്ചിരുന്നില്ല. ഇന്ന് സ്ഥിതി മാറി. എതിര്‍ക്കുന്നവര്‍ പോലും വാക്കുകള്‍ കൊണ്ട് മാത്രം എതിര്‍ക്കുന്നവരാണ്. അവരുടെ ഹൃദയത്തിലും സംഘത്തോട് യോജിപ്പാണുള്ളത്. രാഷ്ട്രത്തിന്റെ സര്വതോന്മുഖമായ പുരോഗതിക്കായി ഹിന്ദു ധര്‍മ്മത്തെയും ഹിന്ദു സംസ്കാരത്തെയും ഹിന്ദു സമൂഹത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നത് നമ്മുടെ പ്രതിജ്ഞയാണ്.
പരിസ്ഥിതി സംരക്ഷണത്തിന് ചെയ്യേണ്ടതെന്തും സ്വയംസേവകര്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളം സംരക്ഷിച്ചും, മരങ്ങള്‍ നട്ടുപിടിപ്പിച്ചും, വീടിനെ ഹരിതഗൃഹമാക്കിയും പച്ചപ്പും, പൂന്തോട്ടവും നിര്‍മിച്ചും സാമൂഹികമായി വനവത്കരണം നടത്തിയും നമ്മള് ഇത് ചെയ്യണം.
ഭാരതത്തില്‍ പോലും കുടുംബ മൂല്യങ്ങള്‍ ഭീഷണിയിലാണ്. മാധ്യമങ്ങളുടെ ദുരുപയോഗം മൂലം പുതിയ തലമുറ അതിന്റെ മൂല്യങ്ങള്‍ അതിവേഗം മറക്കുകയാണ്. കുടുംബത്തിലെ എല്ലാവരും ആഴ്ചയില്‍ ഒരിക്കലെങ്കിലും നിശ്ചിത സമയത്ത് ഒരുമിച്ച് ഇരിക്കണം. നാമജപം മുതല്‍ സമാജ കാര്യങ്ങളുടെ ചര്‍ച്ച വരെ വീടിനുള്ളിലും നടക്കണം. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ഒരുമിച്ച് കഴിക്കണം.
സ്വദേശി മുതല്‍ ആത്മാഭിമാനം വരെ വീട്ടില്‍ നിന്ന് ഉണരേണ്ട ഭാവമാണ്. രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ സാമൂഹിക അച്ചടക്കവും പൗര ബോധവും കടമയാണെന്ന ധാരണ നമുക്കുണ്ടാകണം, സര്‍സംഘചാലക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: