തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ എഡിജിപി എം.ആര്. അജിത്കുമാറിന്റെ മൊഴി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രേഖപ്പെടുത്തി. പോലീസ് ആസ്ഥാനത്തായിരുന്നു മൊഴിയെടുപ്പ്.
അതേസമയം അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിനും ഡിജിപി ശിപാര്‍ശ ചെയ്തു. പി.വി. അന്‍വര്‍ എംഎല്‍എ ആരോപിച്ച അനധികൃത സ്വത്തുസമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്തുസമ്പാദനം, കവടിയാറില്‍ ആഡംബര വീടുനിര്‍മാണം തുടങ്ങി അന്‍വര്‍ മൊഴി കൊടുത്ത അഞ്ചു കാര്യങ്ങളിലാണ് അന്വേഷണ ശിപാര്‍ശ. ഡിജിപി സര്‍ക്കാരിനു സമര്‍പ്പിച്ച ശിപാര്‍ശയും വിജിലന്‍സിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാകും കേസ് അന്വേഷിക്കുകയെന്നാണ് വിവരം.
യൂണിഫോമില്‍ ഔദ്യോഗിക വാഹനത്തിലാണ് ഇന്നലെ അജിത്കുമാര്‍ പോലീസ് ആസ്ഥാനത്തെത്തിയത്. കീഴുദ്യോഗസ്ഥര്‍ മൊഴിയെടുപ്പില്‍ ഉണ്ടാകരുതെന്ന് എഡിജിപി
ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് ഡിജിപി മാത്രമാണ് മൊഴിയെടുത്തത്. എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ സംസ്ഥാന പോലീസ് മേധാവി നിലപാട് കടുപ്പിക്കുകയാണ്. അന്വേഷണം വളരെ ഗൗരവത്തോടെ കൊണ്ടുപോകാനാണ് ഡിജിപിയുടെ തീരുമാനം. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള ആരോപണങ്ങളാണ് ഡിജിപി നേതൃത്വത്തില്‍ അന്വേഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: