കൊച്ചി: ഫുട്ബോളിനോടുള്ള കേരളത്തിന്റെ വൈകാരിക അടുപ്പത്തെ മുന്‍നിര്‍ത്തി ഐഎസ്എല്‍ പ്രചാരണ ഗീതം പുറത്തിറക്കി. അടങ്ങാത്ത ആവേശം എന്ന പേരിലുള്ള ഗാനം ഇന്നലെയാണ് പുറത്തിറക്കിയത്. കേരളക്കരയ്ക്ക് ഫുട്ബോളിനോട് പണ്ടുകാലം മുതലേയുള്ള താല്പര്യം പ്രകടിപ്പിക്കുന്ന വീഡിയോയില്‍ ഏറെ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നത് ഇതിഹാസതാരം മലയാളത്തിന്റെ ഇതിഹാസ ഫുട്ബോളര് ഐ.എം. വിജയനും രണ്ട് തവണ ഒളിംപിക് മെഡല്‍ നേടിയ മലയാളിതാരം പി.ആര്. ശ്രീജേഷും ആണ്.
വെള്ളിയാഴ്ച 11-ാം ഐഎസ്എല്‍ സീസണ് തുടങ്ങുന്നതിന് മുന്നോടിയായാണ് പ്രചാരണ ഗീതം പുറത്തിറക്കിയത്. ഞായറാഴ്ച്ച പഞ്ചാബ് എഫ്സിക്കെതിരെ കലൂര്‍ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം.
കേരള കളിക്കാരും ആരാധകരും ഒരുപോലെ ഫുട്ബോളിനായി സമര്‍പ്പണത്തോടെ നിലകൊള്ളുന്ന ദൃശ്യങ്ങളിലൂടെയാണ് വീഡിയോ പുരോഗമിക്കുന്നത്. വെറുമൊരു കളിയേക്കാളുപരി കേരള ജനതയുടെ സംസ്കാരവുമായി കൂടി ഇഴചേര്‍ന്നതാണ് ഫുട്ബോളെന്ന് ഗാനത്തിലെ ചിത്രീകരണരംഗങ്ങള്‍ വിവരിക്കുന്നു.
ഏതൊരു മലയാളിയെ പോലെ തനിക്കും ഫുട്ബോള്‍ വലിയ ആവേശമാണെന്ന് ഒളിംപ്യന്‍ പി.ആര്. ശ്രീജേഷ് പറഞ്ഞു. ചെറുപ്പം മുതല്‍ ഫുട്ബോള്‍ കണ്ടുവരുന്ന തനിക്ക് ഐ.എം. വിജയന് കുട്ടിക്കാലത്തെ ഹീറോ ആയിരുന്നുവെന്നും പറഞ്ഞു. 11 വര്‍ഷമായി തുടരുന്ന ലീഗ് കേരളത്തിലെയും കൊല്‍ക്കത്തയിലും ഗോവയിലെയുമൊക്കെ കഴിവുള്ള ഫുട്ബോള്‍ പ്രതിഭകള്‍ക്ക് വലിയ അവസരമാണ് തുറന്നിട്ടിരിക്കുന്നതെന്ന് ഐ.എം. വിജയന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: