റാഞ്ചി ; മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ വച്ച് ഡോക്ടറെ പീഡിപ്പിച്ചതായി പരാതി. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഓങ്കോളജി വിഭാഗത്തിലെ ജൂനിയർ ഡോക്ടറാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ തുടർന്ന് ഡോക്ടർമാർ പെൻഡൗൺ സമരം പ്രഖ്യാപിച്ചു. എന്നാൽ, ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷനും (ജെഡിഎ) റിംസ് മാനേജ്‌മെൻ്റും നടത്തിയ ചർച്ചയ്‌ക്കൊടുവിൽ ഡോക്ടർമാർക്ക് സുരക്ഷ വർധിപ്പിക്കുമെന്ന് മാനേജ്‌മെൻ്റ് ഉറപ്പുനൽകിയതോടെ സമരം പിൻവലിച്ചു. ഓരോ ലിഫ്റ്റിനും ലിഫ്റ്റ് ഓപ്പറേറ്റർമാരെ നിയമിക്കാനും ഓരോ വാർഡിലും സായുധ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും മാനേജ്‌മെൻ്റ് സമ്മതിച്ചു. കുറഞ്ഞത് 100 സായുധ പോലീസുകാരെങ്കിലും ആശുപത്രി പരിസരത്തുണ്ടാകും.
കൊൽക്കത്തയിൽ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് റാഞ്ചിയിലും പീഡനം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: