തിരുവനന്തപുരo :തൊട്ടതിനും പിടിച്ചതിനുമെല്ലാം അവധിയല്ല, മറിച്ച് കാര്യക്ഷമതയുള്ള ഭരണമാണ് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് വേണ്ടതെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. തലസ്ഥാനത്തെ ജനങ്ങൾ അതാണ് ആഗ്രഹിക്കുന്നത്.
ഇന്ത്യ സഖ്യം എവിടെയെല്ലാം അധികാരത്തിലുണ്ടോ അവിടെയെല്ലാം ഭരണം അവതാളത്തിലാവുകയും രാഷ്‌ട്രീയമെന്നത് മുഴുവൻ സമയ അഴിമതി മാത്രമായി ചുരുങ്ങുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എക്സിൽക്കുറിച്ചു.
തിരുവനന്തപുരത്ത് നടക്കുന്നത് നോക്കുക- കുടിവെള്ളമില്ലെങ്കിൽ അവധി. മഴ പെയ്താൽ അവധി എന്നതാണ് അവസ്ഥ. സിപിഎം നയിക്കുന്ന നഗരസഭയുടെ കഴിവുകേടാണ് ജനങ്ങളെ കുടിവെള്ളത്തിനായി ഇത്രയും ബുദ്ധിമുട്ടിച്ചത്. എന്നിട്ട് അവധി പ്രഖ്യാപിച്ച് ജനങ്ങളെ തൃപ്തിപ്പെടുത്തി തങ്ങളുടെ ഗുരുതരമായ ഭരണപരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് സർക്കാർ വിശ്വസിക്കുന്നത് വെറുതെയാണ്.
ഭരണപരാജയങ്ങൾ മൂടി വക്കുന്നതിന് അവധി പ്രഖ്യാപിക്കുന്ന സർക്കാർ നിലപാട് തലസ്ഥാനത്തെ സാധാരണ ജനങ്ങളെ അവഹേളിക്കുന്നതിന് സമമാണ്.
തിരുവനന്തപുരത്തിന് കാര്യക്ഷമതയുള്ള ഒരു ഭരണമുണ്ടാകണം.
90 വർഷം പഴക്കമുള്ള, ചെളി നിറഞ്ഞ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിൽ സംസ്ഥാന സർക്കാർ കാലതാമസം അവസാനിപ്പിക്കേണ്ട സമയമാണിത്. ദീർഘകാല ആസൂത്രണവും പ്രതികരണശേഷിയുള്ള ഒരു മുനിസിപ്പൽ കോർപ്പറേഷൻ ഉണ്ടാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: