പാരീസ്: പാരാലിംപിക്‌സ് 2024ന്റെ വിടവാങ്ങല്‍ ദിനത്തിലും മെഡല്‍ നേട്ടം കൊയ്ത് ഭാരതം. ഗെയിംസിന്റെ അവസാന ദിവസമായ ഇന്നലെ പുരുഷ ജാവലിന്‍ ത്രോയിലൂടെ സ്വര്‍ണവും വനിതകളുടെ 200 മീറ്ററില്‍ സിമ്രാന്‍ വെങ്കലവുമാണ് നേടിയത്.
പുരുഷ ജാവലിനിലെ എഫ്41 വിഭാഗത്തിലാണ് നവ്ദീപ് സിങ്ങിന്റെ സ്വര്‍ണ നേട്ടം. മത്സരത്തില്‍ ഇറാന്റെ സദേഘ് ബെയ്ത് സയാഹ് ആണ് സ്വര്‍ണം നേടിയത്. നവ്ദീപ് വെള്ളിയും. പിന്നീട് ഇറാന്‍ താരം അയോഗ്യനാക്കപ്പെട്ടതോടെയാണ് ഭാരതത്തിന് സ്വര്‍ണം ലഭിച്ചത്. ഇതോടെ ഭാരതത്തിന്റെ ആകെ സ്വര്‍ണമെഡല്‍ ഏഴായി ഉയര്‍ന്നു. ഭാരതത്തിന്റെ മത്സരങ്ങളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ ഏഴ് സ്വര്‍ണത്തിന് പുറമെ ഒമ്പത് വെള്ളിയും 12 വെങ്കലവും അടക്കം 29 മെഡലുകളാണ് ആകെ നേടിയിട്ടുള്ളത്.
ഹൈജംപില്‍ പ്രവീണ്‍ കുമാര്‍ നേടിയ ഭാരതത്തിന്റെ ആറാം സ്വര്‍ണത്തിലൂടെ ആകെ മെഡല്‍ നേട്ടത്തില്‍ ടോക്കിയോയെ കവച്ചുവയ്‌ക്കാന്‍ ഭാരതത്തിന് സാധിച്ചു. പാരീസിലെ വമ്പന്‍ പ്രകടനത്തിന് മുമ്പ് കഴിഞ്ഞ തവണ ടോക്കിയോയിലാണ് ഭാരതം മികച്ച പ്രകടനം കാഴ്‌ച്ചവച്ചത്. അന്ന് ആകെ മെഡല്‍ നേട്ടം 25 ആയിരുന്നു. ഇക്കുറി അത് ഉയര്‍ത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഭാരത താരങ്ങളും അനുബന്ധ പ്രവര്‍ത്തകരും. പാരീസ് പാരാലിംപിക്‌സില്‍ ഏറ്റവും ഒടുവില്‍ മത്സരിച്ച ഭാരത താരം വനിതകളുടെ കനോയിയില്‍ പോരാടിയ പൂജ ഓജ ആണ്. വനിതാ സിംഗിള്‍ 200 മീറ്ററില്‍ മത്സരിച്ച താരം സെമിയില്‍ നാലാമതായാണ് ഫിനിഷ് ചെയ്തതിനാല്‍ ഫൈനലില്‍ പ്രവേശിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക