ന്യൂദല്‍ഹി: ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയില്‍ ഭാരതം മധ്യസ്ഥത വഹിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് നിര്‍ദേശിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ആദ്യഘട്ട ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച മോസ്കോ സന്ദര്‍ശിക്കും.
റഷ്യയും ഉക്രൈനും സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു രാജ്യങ്ങളിലേയും പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് അജിത് ഡോവലിന്റെ സന്ദര്‍ശനം. ഉക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്കിയെ കണ്ടശേഷം നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാമെന്ന് മോദി ഇരു നേതാക്കളേയും പലവട്ടം അറിയിച്ചിരുന്നു. റഷ്യ ആതിഥേയത്വം വഹിച്ച ഈസ്റ്റേണ്‍ ഇക്കണോമിക്സ് ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് സമാധാന നീക്കങ്ങളോട് പുടിന് അനുകൂലമായി പ്രതികരിച്ചത്. സമാധാനത്തിന് റഷ്യ എതിരല്ലെന്നും ഇക്കാര്യത്തില്‍ ഭാരതവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും പുടിന് ഈസ്റ്റേണ്‍ ഇക്കണോമിക്സ് ഫോറത്തില്‍ പറഞ്ഞിരുന്നു.
ഭാരതത്തിന് ഒരു പക്ഷമുണ്ടെന്നും അതു സമാധാനത്തിന്റെ പക്ഷമാണെന്നും സെലസ്കിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മോദി പ്രസ്താവിച്ചിരുന്നു. സെലസ്കിയെ കണ്ടതിനു ശേഷം പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഡോവല്‍ റഷ്യയിലെത്തി ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്. സന്ദര്‍ശന തീയതി സംബന്ധിച്ച് അന്തിമ തീരുമാനം വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: