തിരുവനന്തപുരം: പിണറായി വീട്ടില്‍ നിന്നു മുഖ്യമന്ത്രിയായതല്ല, മുഖ്യമന്ത്രിയാക്കിയത് പാര്‍ട്ടിയും സഖാക്കളുമാണെന്ന് എംഎല്‍എ പി.വി. അന്‍വര്‍. പാര്‍ട്ടി സഖാക്കള്‍ പറയണമെന്ന് ആഗ്രഹിച്ചതാണ് ഞാന്‍ പറഞ്ഞത്. എനിക്കു കൂറ് അവരോടാണ്, അന്‍വര്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്.
മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനു പിന്നാലെ മലക്കംമറിഞ്ഞ അന്‍വര്‍ എം.വി. ഗോവിന്ദനെ കണ്ട ശേഷം വീണ്ടും നിലപാടു മാറ്റി. പിണറായി മുഖ്യമന്ത്രിയായത് സ്വന്തം നിലയിലല്ലെന്ന് ഓര്‍മിപ്പിച്ചാണ് മാധ്യമങ്ങളോടു സംസാരിച്ചത്. കൂറ് പാര്‍ട്ടിയോടാണെന്നും പാര്‍ട്ടി തെരഞ്ഞെടുത്ത ആളായതിനാലാണ് മുഖ്യമന്ത്രിയോടും കൂറെന്നും അന്‍വര്‍ പറഞ്ഞു.
പിണറായി എങ്ങനെയാണ് മുഖ്യമന്ത്രിയായത്? അദ്ദേഹം വീട്ടീന്നു വന്ന് ആയതല്ലല്ലോ. പാര്‍ട്ടിയാണ് മുഖ്യമന്ത്രിയാക്കിയത്. അപ്പോ ആരോടാണ് കൂറുണ്ടാകേണ്ടത്. ഈ ഗവണ്മെന്റിനെ തിരിച്ച് അധികാരത്തിലെത്തിച്ചത് ജനങ്ങളും പാര്‍ട്ടിക്കാരുമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരമാണ് പറഞ്ഞത്. അതിനെ തള്ളിക്കളയാന്‍ കഴിയുമോയെന്നും അന്‍വര്‍ ചോദിച്ചു.
മുഖ്യമന്ത്രി വിശ്വാസവഞ്ചന കാണിച്ചില്ല. പക്ഷേ മുഖ്യമന്ത്രി വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ ചതിച്ചു. ചതിച്ച ആ വ്യക്തിക്കാണ് അതിന്റെ ഉത്തരവാദിത്തം. എന്തുകൊണ്ട് പോലീസ് ഇങ്ങനെയായി, എന്തിനിങ്ങനെ ജനങ്ങളെ നിരന്തരമായി വെറുപ്പിക്കുന്നു, എന്തിന് തൃശ്ശൂര്‍ പൂരം കലക്കുന്നു, എന്തിന് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങ് അലങ്കോലപ്പെടുത്തുന്നു, ഇങ്ങനെ ഒരു വൃത്തികേട്ട പോലീസ് ഉണ്ടാകുമോ തുടങ്ങിയ അന്വേഷണമാണ് ഇവിടെ എത്തിച്ചത്. പോലീസില്‍ സര്‍ക്കാര്‍ വിരുദ്ധ ലോബിയുണ്ട്.
പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും നല്‍കിയത് അതിന്റെ സൂചനാ തെളിവുകളാണ്. അത് അന്വേഷിക്കേണ്ടത് വിവിധ ഏജന്‍സികളാണ്. ഹെഡ്മാസ്റ്ററുടെ കസേരയിലിരിക്കുന്ന ആള്‍ക്കെതിരേ പ്യൂണ്‍ അന്വേഷണം നടത്തിയാല്‍ ശരിയാകുമോ. കെല്പുള്ള ഉദ്യോഗസ്ഥരായിരിക്കണം അന്വേഷിക്കേണ്ടത്. അന്വേഷണം എങ്ങോട്ടാണ് പോകുന്നതെന്നു നോക്കി ഇടപെടും. കള്ള അന്വേഷണം നടത്തിക്കളയാമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില് അതും പുറത്തുവരും. ഉറച്ച സഖാവാണ് താന്‍. പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. അന്‍വര്‍ ആര്‍ക്കു മുമ്പിലും കീഴടങ്ങിയിട്ടില്ല. ദൈവത്തിനും പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങൂ.
മുഖ്യമന്ത്രിയെ കണ്ട ശേഷം എലിയായി മാറിയെന്ന വിമര്‍ശനത്തിന്, എലി അത്ര മോശമല്ലെന്നും അതു വീട്ടില്‍ എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കുമെന്ന് അറിയാമല്ലോ എന്നുമായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: