ജയ്പുര്‍: ലോക ക്രിക്കറ്റിലെ വന്മതിലും മുന്‍ ഭാരത പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ടീം രാജസ്ഥാന് റോയല്‍സ് പരിശീലകനായേക്കും. 2025 ഐപിഎല്‍ സീസണ് മുന്നില്‍ കണ്ട് ക്ലബ്ബ് പുതിയ കോച്ചിനെ തേടി നീക്കം നടത്തുന്നതായി വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളിലാണ് രാഹുല്‍ ദ്രാവിഡിന്റെ പേര് ഉയര്‍ന്നിരിക്കുന്നത്.
മലയാളി നായകന് സഞ്ജു വി. സാംസണിന് കീഴിലിറങ്ങുന്ന രാജസ്ഥാന് റോയല്‍സിന് കഴിഞ്ഞ സീസണില്‍ ഒരു പ്രധാന പരിശീലകന് ഉണ്ടായിരുന്നില്ല. ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് എന്ന പദവിയില്‍ മുന്‍ ശ്രീലങ്കന്‍ നായകന് കുമാര്‍ സംഗക്കാര ഉണ്ടായിരുന്നു. ഒപ്പം സഹപരിശീലകരായി ട്രെവര്‍ പെന്നിയും ഷെയന്‍ ബോണ്ടും. എന്നാല്‍ പ്രധാന പരിശീലകന്റെ വിടവ് നികത്തപ്പെട്ടില്ല. കഴിഞ്ഞ തവണ സെമിയിലേക്ക് മുന്നേറിയ രാജസ്ഥാന് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടുകൊണ്ടാണ് പുറത്തായത്.
മുന്‍ ഐപിഎല്‍ താരമായിരുന്ന രാഹുല്‍ ദ്രാവിഡ് 2011 മുതല്‍ 2013 വരെ രാജസ്ഥാന് റോയല്‍സിന് വേണ്ടി കളിച്ചിട്ടുണ്ട്. 2014 മുതല്‍ ടീം മാര്‍ഗ്ഗദര്‍ശിയായ പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ഭാരതത്തിന്റെ അണ്ടര്‍19, ഇന്ത്യ ഏ ടീം പരിശീലക പദവിയിലേക്ക് ക്ഷണം ലഭിക്കുന്നത്. പിന്നീട് കോച്ചിങ് കരിയറില്‍ ശ്രദ്ധേയ സാന്നിധ്യമായ രാഹുലിന്റെ പക്കല്‍ ദേശീയ ടീമിന്റെ ദൗത്ത്യവും വന്നുചേര്‍ന്നു. 2021ല്‍ ഭാരത പരിശീലകനായ ദ്രാവിഡിന് കീഴില്‍ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനല്‍ വരെയെത്തി. ഏകദിന ലോകകപ്പോടുകൂടി ദ്രാവിഡിന്റെ പരിശീലക കരാര്‍ അവസാനിച്ചെങ്കിലും രോഹിത് ശര്‍മയുടെ ആവശ്യം മുന്‍നിര്‍ത്തി ട്വന്റി20 ലോകകപ്പ് കഴിയും വരെ കരാര്‍ പുതുക്കി. ഒടുവില്‍ 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാരതത്തിന് വീണ്ടും ട്വന്റി20 ലോക കിരീടം സമ്മാനിച്ചാണ് ദ്രാവിഡ് പടിയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: