കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ ബേബി(70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേർന്ന കളരിയിൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. കനവ് എന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലൂടെ പ്രശസ്തനാണ് കെ ജെ ബേബി.
നാടക കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം കെ ജെ ബേബി സ്വന്തം ഇടപെടലുകൾ അടയാളപ്പെടുത്തിയിരുന്നു. കെ.ജെ ബേബിയുടെ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ലഭിച്ചിരുന്നു. കണ്ണൂർ മാവിലായി സ്വദേശിയായ ബേബി 1973ലാണ് വയനാട്ടിലേയ്‌ക്ക് താമസം മാറുന്നത്. ഇക്കാലത്താണ് ആദിവാസി വിഭാഗങ്ങൾക്കൊപ്പം താമസിക്കുകയും അവരുടെ പരമ്പരാഗത കലാ-സാംസ്കാരിക ജീവിതം അടുത്തറിയുകയും ചെയ്തു. ആദിവാസികളുടെ പാട്ടുകളുടെയും ഐതിഹ്യങ്ങളുടെയും സമ്പന്നമായ ലോകം ബേബിയിലെ എഴുത്തുകാരനെ സ്വാധീനിച്ചിരുന്നു.
അപൂര്‍ണ, നാടുഗദ്ദിക, കുഞ്ഞപ്പന്റെ കുരിശ് മരണം, കീയൂലോകത്ത് നിന്ന്, ഉയിര്‍പ്പ്, കുഞ്ഞിമായിന്‍ എന്തായിരിക്കും പറഞ്ഞത് എന്നീ നാടകങ്ങള്‍ രചിച്ചു. ഗുഡ എന്ന സിനിമ സംവിധാനം ചെയ്തു. ബെസ്പുര്‍ക്കാന, ഗുഡ്‌ബൈ മലബാര്‍ എന്നീ പുസ്തകങ്ങളും രചിച്ചു. നാടുഗദ്ദിക നാടകവും മാവേലിമന്റം നോവലും യൂണിവേഴ്‌സിറ്റികളില്‍ പഠന വിഷയമായി.
കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27ന് ജനിച്ചു. 1973ൽ കുടുംബം വയനാട്ടിലേയ്‌ക്ക് കുടിയേറി. 1994ലാണ് കനവ് എന്ന ബദൽ സ്‌കൂൾ തുടങ്ങിയത്. ഭാര്യ: ഷേർളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: