Kerala

അന്ന് പിണറായിയുടെ സര്‍വസൈന്യാധിപന്‍, ഇന്ന് വെറുക്കപ്പെട്ടവന്‍

തൃശ്ശൂര്‍: 2002ലെ സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനം. പിണറായി-വിഎസ് വിഭാഗീയത കത്തി നില്‍ക്കുന്ന കാലം. ജില്ലാ സമ്മേളനത്തില്‍ വിഎസ് വിഭാഗം ജില്ലാ കമ്മിറ്റി പിടിച്ചു. കെ.പി. അരവിന്ദാക്ഷന്‍ ജില്ലാ സെക്രട്ടറിയായി. തുടര്‍ന്ന് നടന്ന സംസ്ഥാന കമ്മിറ്റിയില്‍ തൃശ്ശൂരിലെ മത്സരം ചര്‍ച്ചയായി. പാര്‍ട്ടിക്ക് ചേരാത്ത നടപടികള്‍ തൃശ്ശൂരില്‍ ഉണ്ടായെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനം വന്നു. അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ചുമതല ഇ.പി. ജയരാജന് നല്കി. വിഎസിന്റെ കോട്ടയായിരുന്ന തൃശ്ശൂര്‍ പിടിച്ചെടുക്കാന്‍ പിണറായിക്ക് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. അതായിരുന്നു ഇ.പി.

സിപിഎമ്മിന്റെ ചരിത്രത്തില്‍ വിഭാഗീയത ഏറ്റവും രൂക്ഷമായ വി.എസ്-പിണറാ യിക്കാലത്ത് പിണറായിയുടെ സര്‍വസൈന്യാധിപനായിരുന്നു ഇ.പി. ജയരാജന്‍. എന്നും പിണറായിക്കൊപ്പം നിന്ന ഒരാള്‍. തൃശ്ശൂരിലെത്തിയ ജയരാജന്‍ മാസങ്ങള്‍ കൊണ്ട് ഒതുക്കേണ്ടവരെ ഒതുക്കിയും വളര്‍ത്തേണ്ടവരെ വളര്‍ത്തിയും പാര്‍ട്ടിയെ പിണറായിക്ക് കാല്‍ക്കീഴിലെത്തിച്ചു. തൃശ്ശൂരില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം പിണറായിക്ക് വേണ്ടി പണിയെടുത്തു ഇ.പി. ഒരുഭാഗത്ത് എസ്. ശര്‍മയും എം. ചന്ദ്രനും കെ. ചന്ദ്രന്‍പിള്ളയും അടക്കമുള്ളവര്‍ വിഎസിന് വേണ്ടി കരുക്കള്‍ നീക്കിയപ്പോള്‍ പിണറായിക്ക് വേണ്ടി യുദ്ധം നയിച്ചത് ഇ.പി. തന്നെയായിരുന്നു.

പിണറായിക്ക് തിരിച്ചങ്ങോട്ടും ഈ കൂറുണ്ടായിരുന്നു. പാര്‍ട്ടിയിലെ പല നേതാക്കളെയും മറികടന്ന് പിണറായിക്കാലത്ത് ഇ.പി. പാര്‍ട്ടിയിലെ രണ്ടാമനായി. പിണറായി വിജയന് ശേഷം ഇ.പി. ജയരാജന്‍ പാര്‍ട്ടി സെക്രട്ടറി ആകുമെന്ന നില വന്നു. ഇതിനിടയില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഏറെ മാറ്റം വന്നു. പിണറായി-ഇപി ലൈനിനെതിരെ എം.എ. ബേബി, തോമസ് ഐസക്, കോടിയേരി തുടങ്ങിയവര്‍ ഇടക്കാലത്ത് കുറുമുന്നണിയായി നീങ്ങി. കോടിയേരിയും തോമസ്‌ഐസക്കുമായി ഇപി നിരന്തരം കലഹിച്ചു.

വ്യാപാരി വ്യവസായി സമിതിയുടെ ഭാരവാഹിയായിരിക്കെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി ഇപി പലവട്ടം കൊമ്പുകോര്‍ത്തു. പി. ജയരാജനും ഇപിക്കെതിരെ പാര്‍ട്ടി വേദികളില്‍ യുദ്ധമുഖം തുറന്നു. എന്നാല്‍ പിണറായി തന്ത്രപരമായി ഈ കുറുമുന്നണിയെ പിണക്കാതെ മുന്നോട്ട് പോയി.

2015 ല്‍ പിണറായി മുഖ്യമന്ത്രിയാവാനുള്ള തയാറെടുപ്പോടെ സെക്രട്ടറി പദം ഒഴിഞ്ഞതിനെത്തുടര്‍ന്ന് സംസ്ഥാന സമ്മേളനത്തില്‍ പുതിയ സെക്രട്ടറിക്കായുള്ള ചര്‍ച്ച തുടങ്ങി. സീനിയോറിറ്റി പരിഗണിച്ച് പലരും കോടിയേരി ബാലകൃഷ്ണന്റെ പേര് നിര്‍ദേശിച്ചു. എന്നാല്‍ പിണറായി നിര്‍ദേശിച്ച പേര് ഇപി ജയരാജന്റേതായിരുന്നു. അന്ന് കോടിയേരി പിബി അംഗവും ജയരാജന്‍ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. ഒരു പിബി അംഗം സംസ്ഥാന സെക്രട്ടറി ആകുന്നത് ശരിയല്ലെന്നും കേന്ദ്രകമ്മിറ്റി അംഗമായ ഇപി സെക്രട്ടറി ആവട്ടെ എന്നുമാണ് പിണറായി പറഞ്ഞത്. എന്നാല്‍ ഭൂരിപക്ഷം കോടിയേരിക്കൊപ്പം ആയിരുന്നു. ഇപിക്കുവേണ്ടി കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് വിനയാകുമെന്ന് ഭയന്ന പിണറായി കോടിയേരിക്ക് പച്ചക്കൊടി കാണിച്ചു.

അവിടുന്ന് അങ്ങോട്ട് പിണറായി- ഇപി ബന്ധത്തിന് ഉലച്ചില്‍ തട്ടുന്നതാണ് കേരളം കാണുന്നത്. കോടിയേരി പാര്‍ട്ടി സെക്രട്ടറി ആയതോടെ ഇപിക്ക് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന അപ്രമാദിത്വം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിക്കസേര സ്വന്തമാക്കിയ പിണറായി ഇപിക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തതുമില്ല. പിണറായി-കോടിയേരി അച്ചുതണ്ടില്‍ തളയ്‌ക്കപ്പെട്ട പാര്‍ട്ടിയില്‍ പിന്നീട് ഇപിക്ക് റോളൊന്നുമുണ്ടായിരുന്നില്ല. ഒന്നാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടുവെങ്കിലും പി.കെ. ശ്രീമതിയുടെ മകന് വഴിവിട്ട് നിയമനം നല്കിയെന്ന ആരോപണത്തില്‍പെട്ട് മന്ത്രിസ്ഥാനം നഷ്ടമായി. ആരോപണമുയര്‍ന്നപ്പോള്‍ ഒരു മനസാക്ഷിക്കുത്തും കൂടാതെ പിണറായി രാജി ചോദിച്ചു വാങ്ങി. പിന്നീട് മന്ത്രിസഭയുടെ അവസാനകാലത്ത് തിരിച്ചെത്തിയെങ്കിലും 2021 ല്‍ സീറ്റുകൊടുത്തില്ല.

കോടിയേരിയുടെ അകാലനിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി പദത്തില്‍ എത്തുമെന്ന് ഇപിയും ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുമുണ്ടായില്ല. തനിക്കുവേണ്ടി പിണറായി ഒന്നും ചെയ്തില്ലെന്ന പരാതി ഇ.പി.ക്കുണ്ട്.
ഇപിയേക്കാള്‍ ജൂനിയര്‍ ആയ എം.വി. ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറി ആക്കിയതും പിണറായിയുടെ താത്പര്യമായിരുന്നു. പിണറായിയുടെ ആശീര്‍വാദത്തോടെ എം.വി. ജയരാജനും എം.വി. ഗോവിന്ദനും ഇപിയെ മറികടന്ന് പോളിറ്റ്ബ്യൂറോയിലുമെത്തി. അനുനയം എന്ന നിലയ്‌ക്കാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം കൊടുത്തത്.

വളരെ ജൂനിയറായിട്ടും മുഹമ്മദ് റിയാസിനെ മന്ത്രിസഭയില്‍ എടുത്തതും മുഹമ്മദ് റിയാസിന്റെ അടുപ്പക്കാരനും ബന്ധുവുമായ ഫാരിസ് അബൂബക്കറുമായി പിണറായിക്കുള്ള ബന്ധങ്ങളും ഇപി എതിര്‍ത്തത് പിണറായിക്ക് ഈര്‍ഷ്യയായി. ചെറുതായി തുടങ്ങിയ നീരസം പിന്നീട് വലിയ അകല്‍ച്ചയിലേക്ക് എത്തിയതോടെ പിണറായി പൂര്‍ണമായും ഇപിയെ കൈവിട്ടു. ഒരുകാലത്ത് പിണറായിയുടെ പിന്‍ഗാമി എന്ന് കണക്കാക്കിയിരുന്ന ഇ.പി. ജയരാജന്‍ ഇന്ന് വെറും കൈയോടെയാണ് കണ്ണൂര്‍ക്ക് മടങ്ങുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക