കോഴിക്കോട്: ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനന്ന് നീക്കി. കാരണമെന്തൊക്കെ പറഞ്ഞാലും ആ കാരണങ്ങള്‍ ജയരാജന്റെ സിപിഎമ്മിലെ ഭാവിക്ക് മേല്‍ അവസാനവാക്കാണ്, നേതാവെന്ന നിലയില്‍. അവസാന നിമിഷവും പാര്‍ട്ടിക്കൊപ്പം എന്ന് പ്രസ്താവിച്ച് പാര്‍ട്ടിയോര്‍മ്മകളും കഴുത്തിലെ വെടിയുണ്ടയുമായി അച്ചടക്കത്തോടെ തുടര്‍ന്നാല്‍ ജീവിതാന്ത്യത്തില്‍, അത് ഏറെ കാലം അകലെയാകട്ടെ എന്ന് ആഗ്രഹിക്കാം, ചെങ്കൊടി പുതയ്‌ക്കാം.
പാര്‍ട്ടിയില്‍നിന്നല്ല, ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നാണ് ഇ.പി. ജയരാജനെ മാറ്റിയതെന്ന് സിപിഎം നേതാക്കള്‍ക്ക് ന്യായീകരിക്കാം. പക്ഷേ, ജയരാജന്‍ മാറിയതല്ല, മാറ്റിയതാണെന്ന് സിപിഎം പറയുമ്പോള്‍ എല്ലാമായി. ജയരാജന്‍ സിപിഎമ്മില്‍നിന്ന് അവര്‍ പുറത്താക്കിയ നേതാക്കളായ എം.വി. രാഘവന്റെയും കെ.ആര്‍. ഗൗരിയുടെയും പിന്‍ഗാമിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
എന്നാല്‍, ചോദ്യം ജയരാജന്‍ അവരെപ്പോലെയായിത്തീരുമോ എന്നതാണ്. 1986 ലാണ് രാഘവനെ സിപിഎം പുറത്താക്കാന്‍ നടപടി തുടങ്ങിയത്. പാര്‍ട്ടി നയത്തിന് ബദല്‍ രേഖ അവതരിപ്പിച്ചതായിരുന്നു കാരണം. അന്ന് ഒപ്പമുണ്ടായിരുന്ന ഇ.കെ. നായനാര്‍ക്ക് നടപടി നേരിടേണ്ടിവന്നില്ല.
ഇന്ന് രാഘവന്‍ അന്ന് പറഞ്ഞ നയം ശരിയാണെന്ന് പാര്‍ട്ടിതന്നെ സമ്മതിക്കുന്നു, അനുസരിക്കുന്നു. അന്ന് നടപടിക്ക് ഓതിക്കനായിനിന്ന പാര്‍ട്ടി സെക്രട്ടറി ഇഎംഎസ് പറഞ്ഞു: ‘പാര്‍ട്ടി രാഘവനേക്കാള്‍ വലുതാണ്, രാഘവന്‍ രാഷ്‌ട്രീയ വിസ്മൃതിയിലാകുമ്പോള്‍ അതിന് ഒന്നും സംഭവിക്കില്ല.’ രാഘവന്റെ നിലപാട്,’ഞാന്‍ എപ്പോഴും ഒരു മാര്‍ക്‌സിസ്റ്റായി തുടരും, അതിന് എനിക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല,’ എന്നായിരുന്നു. ജയരാജന് ആ തന്റേടമൊന്നുമില്ല.
1994 ജനുവരി ഒന്നിനാണ് ഗൗരിയമ്മയെ സിപിഎം പുറത്താക്കിയത്. പാര്‍ട്ടി അച്ചടക്ക ലംഘനം, പാര്‍ട്ടിയെ വെല്ലുവിളിക്കല്‍, എതിര്‍ രാഷ്‌ട്രീയ സംഘടനാ നേതാക്കളുമായി കൂട്ടുചേരല്‍ തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. കെ.ആര്‍. ഗൗരി തന്റേടത്തോടെ പുതിയ പാര്‍ട്ടിയുണ്ടാക്കി. രാഘവനും ഗൗരിയും പാര്‍ട്ടികളുണ്ടാക്കി, സിപിഎമ്മിന്റെ എതിര്‍ മുന്നണിയായ യുഡിഎഫില്‍ ചേര്‍ന്ന് മന്ത്രിമാരായി.
എന്നാല്‍, ജയരാജന്‍ നാളെ സിപിഎമ്മില്‍നിന്ന് പുറത്തായാലും മറ്റൊരു പാര്‍ട്ടിയുണ്ടാക്കാനൊന്നും പ്രാപ്തനല്ല. സിപിഎമ്മിനെ എതിര്‍ക്കാനും ശേഷിയില്ല. അതൊക്കെ ചെയ്യാന്‍ തയാറായാല്‍ സംരക്ഷിക്കാന്‍ എതിര്‍പക്ഷത്ത് ഒരു കെ. കരുണാകരനില്ല. പക്ഷേ, രാഷ്‌ട്രീയമാണ്, സാധ്യതകള്‍ പലതാണ്. എന്നാല്‍, ജയരാജനില്‍നിന്നും സിപിഎമ്മില്‍നിന്നും പുറത്തുവരുന്ന പുതിയ സന്ദേശം അണികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഇ.പി. ജയരാജന്‍ ഒരുകാലത്ത്, ചിലര്‍ക്കൊക്കെ രണ്ടാം എകെജി ആയിരുന്നു. സിപിഎം അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: