പാലക്കാട്: ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് ആഗസ്ത് 31 മുതല്‍ സപ്തംബര്‍ രണ്ടു വരെ പാലക്കാട് അഹല്യ കാമ്പസില്‍ നടക്കും. ആര്‍എസ്എസ് ആശയത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് സാമൂഹ്യ പരിവര്‍ത്തനത്തിനായി ശ്രമിക്കുന്ന 32 വിവിധ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
ആര്‍എസ്എസ് രൂപവത്കരണത്തിന്റെ ശതാബ്ദി വര്‍ഷമാണ് 2025. ശതാബ്ദി വര്‍ഷത്തില്‍ രാജ്യത്തെയും സമൂഹ്യ ജീവിതത്തെയും ശക്തമാക്കാനുതകുന്ന അഞ്ചിന കര്‍മ പരിപാടിക്കു രൂപം നല്‍കുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേകര്‍ പറഞ്ഞു.
സംഘ ചുമതലയുള്ള 90 പ്രതിനിധികളും മറ്റു സംഘടനകളുടെ ദേശീയ അധ്യക്ഷന്‍, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിമാരായ 230 പ്രതിനിധികളുമാണ് യോഗത്തിനെത്തുക. എല്ലാ വര്‍ഷവുമുള്ള അഖില ഭാരതീയ സമന്വയ ബൈഠക് ആദ്യമായാണ് കേരളത്തില്‍ നടക്കുന്നത്.
ആര്‍എസ്എസ് ആശയത്തില്‍ നിന്നു പ്രേരണയുള്‍ക്കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ, സാമൂഹ്യ പരിഷ്കരണത്തിനായി ഓരോ സംഘടനയും വ്യത്യസ്ത വിഭാഗങ്ങളെയും മേഖലകളെയും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനകളുടെ പ്രവര്‍ത്തനാനുഭവവും സംഘടനാ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാകും. വ്യത്യസ്ത രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്കുണ്ടായ അനുഭവങ്ങള്‍, പ്രശ്നങ്ങള്‍, നേട്ടങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ദേശീയ പ്രാധാന്യമുള്ള മറ്റു വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ആംബേകര്‍ വിശദീകരിച്ചു. സാമൂഹ്യ വിഷയങ്ങള്‍, ദേശ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍, ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ട തുടങ്ങിയവയും ചര്‍ച്ചയാകും. 2025 വിജയദശമി മുതല്‍ 2026 വിജയദശമി വരെയാണ് ആര്‍എസ്എസ് ശതാബ്ദി വര്‍ഷം. ഇതിന്റെ ഭാഗമായി സാമൂഹ്യ ജീവിതത്തില്‍ വലിയ പരിവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്.
പ്രധാനമായും അഞ്ചു മേഖലകളെ കേന്ദ്രീകരിച്ചാണ് പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.
സാമൂഹ്യ സമരസത: സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളും സംഘടനകളും വ്യക്തികളും തമ്മിലെ അകലം കുറയ്ക്കുകയും അടുപ്പം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. സാമൂഹ്യ ജീവിതത്തില്‍ പരസ്പര സഹകരണം, വിശ്വാസം എന്നിവ വര്‍ധിപ്പിക്കണം.
കുടുംബ ശാക്തീകരണം: സാമൂഹ്യ ജീവിതത്തിന്റെയും രാഷ്ട്ര ജീവിതത്തിന്റെയും അടിത്തറ ശക്തമാക്കുന്ന തരത്തില്‍ കുടുംബങ്ങളെ ധാര്‍മികമായി ശാക്തീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുക.
പരിസ്ഥിതി ബോധവത്കരണം: പ്രകൃതിക്കും പരിസ്ഥിതിക്കും അനുയോജ്യമായ ജീവിത ശൈലി തെരഞ്ഞെടുക്കുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കുക.
സ്വാശ്രയത്വം: സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിടുമ്പോഴും പല കാര്യങ്ങള്‍ക്കും രാജ്യം മറ്റുള്ളവരെ ആശ്രയിക്കുന്ന സാഹചര്യമുണ്ട്. ഇതിനു പകരം എല്ലാ രംഗങ്ങളിലും സ്വാശ്രയത്വം കൈവരിക്കുന്ന സമൂഹവും രാജ്യവുമാകാനുള്ള ശ്രമങ്ങളുണ്ടാകണം.
പൗരധര്‍മം: സാമൂഹ്യ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പൗരധര്‍മം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അടിസ്ഥാന അവകാശങ്ങളെപ്പോലെ തന്നെ എല്ലാവര്ക്കും അടിസ്ഥാന കടമകളുമുണ്ടെന്ന് ഓര്‍മിക്കണം. രാഷ്ട്ര ജീവിതത്തെ ശക്തമാക്കാന്‍ മൗലികാവകാശങ്ങളെപ്പോലെ പൗരന്മാരുടെ കടമകളും പ്രധാനമാണ്.
ഈ അഞ്ചു രംഗങ്ങളിലും രാജ്യവ്യാപകമായി വലിയ പരിവര്‍ത്തന ശ്രമങ്ങളാണ് സംഘം ശതാബ്ദി വര്‍ഷത്തില്‍ ലക്ഷ്യമിടുന്നത്. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും സംഘത്തിന്റെ ഇതേ ലക്ഷ്യത്തിന് അനുസൃതമായ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യും. പ്രവര്‍ത്തന മാര്‍ഗ രേഖ സംബന്ധിച്ച ചര്‍ച്ചകള്‍ മൂന്നു ദിവസത്തെ യോഗത്തില്‍ നടക്കും.
31നു രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന യോഗത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്. മുകുന്ദ, അരുണ്‍ കുമാര്‍, അലോക് കുമാര്‍, രാംദത്ത് ചക്രധര്‍, അതുല്‍ ലിമയെ എന്നിവര്‍ പങ്കെടുക്കും.
വിവിധ സംഘടനകളുടെ ദേശീയ പ്രസിഡന്റുമാരും ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിമാരും യോഗത്തിനെത്തും. രണ്ടിന് വൈകിട്ടു സമാപിക്കും. പത്രസമ്മേളനത്തില്‍ ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് പ്രദീപ് ജോഷി തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: