കൊല്‍ക്കത്ത: കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന ഡ്യൂറന്റ് കപ്പ് ഫുട്ബോളിന്റെ 133-ാം പതിപ്പിന് ഇന്ന് കലാശപ്പൂരം. വൈകിട്ട് അഞ്ചരയ്ക്ക് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ടീമുകള്‍ കിരീടത്തിനായി ഏറ്റുമുട്ടും.
ഏറ്റവും കൂടതല്‍ തവണ ഡ്യൂറന്റ് കപ്പ് നേടിയ മോഹന്‍ ബഗാന് റിക്കാര്‍ഡ് നേട്ടം ഉയര്‍ത്താനായാണ് ഇന്നിറങ്ങുന്നത്. ഒപ്പം കിരീടം നിലനിര്‍ത്തുകയും ചെയ്യാം. ഇതുവരെ 17 കിരീടം നേടിയിട്ടുള്ള മോഹന്‍ ബഗാന് ഇന്ന് ജയിക്കാനായാല്‍ 18-ാം തവണ ഡ്യൂറന്റ് കപ്പില്‍ മുത്തമിടാം. കടുപ്പമേറിയ സെമി പോരാട്ടത്തില്‍ ബെംഗളൂരു എഫ്സിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന് ഫൈനലിനര്ഹത നേടിയത്. റെഗുലര്‍ ടൈം മത്സരം 2-2 സമനിലയില്‍ കലാശിച്ച സെമിയുടെ ഷൂട്ടൗട്ട് 4-3ല്‍ അവസാനിക്കുകയായിരുന്നു.
ഇന്നത്തെ ഫൈനല്‍ നടക്കുന്ന അതേ വേദിയിലായിരുന്നു മോഹന്‍ ബഗാന്റെ സെമി വിജയം. ക്വാര്‍ട്ടറിലും ടീം ഷൂട്ടൗട്ടിലൂടെയാണ് വിജയിച്ച് മുന്നേറിയത്. മോഹന്‍ ബഗാന് ഫൈനലിലെത്തിയതിന് നന്ദി പറയേണ്ടത് ടീം ഗോള്‍ കീപ്പര്‍ കെയ്ത്തിനോടാണ്. താരത്തിന്റെ ചോരാത്ത കൈകളാണ് സെമിയുടെ റെഗുലര്‍ ടൈമിലും കഴിഞ്ഞ രണ്ട് നോക്കൗട്ട് മത്സരങ്ങളിലെ ഷൂട്ടൗട്ടുകളിലും കെയ്ത്തിന്റെ ഇരുമ്പുകരങ്ങളാണ് മോഹന്‍ ബഗാന് രക്ഷയായത്.
ഷില്ലോങ് ലാജോങ്ങിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഫൈനല്‍ പ്രവേശം. ചരിത്രത്തില്‍ ആദ്യമായാണ് ടീം ഡ്യൂറന്റ് കപ്പിന്റെ ഫൈനലിലെത്തുന്നത്. കിരീടനേട്ടം എന്ന ചരിത്രം കൂടി ആവര്‍ത്തിച്ച് കൊല്‍ക്കത്തയില്‍ നിന്ന് മടങ്ങാനാണ് ടീം ഇന്നിറങ്ങുന്നത്. പരിശീലകന് യുവാന്‍ പെഡ്രോ ബെനാലിക്ക് കീഴില്‍ ഇറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗ്രൂപ്പ് ഘട്ടം മുതല്ക്കേ മികച്ച പ്രകടനമാണ് പുറത്തെടുത്തുവരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളില്‍ നിന്ന് പത്ത് ഗോളുകള്‍ നേടിയപ്പോള്‍ കേവലം ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ടാക്ടിക്കല്‍ മികവിനൊപ്പം പഴുതടഞ്ഞ പ്രതിരോധവും കൂടിച്ചേര്‍ന്നതാണ് നോര്‍ത്ത് ഈസ്റ്റിന്റെ കരുത്ത്. സ്പാനിഷ് താരം ഗില്ലര്‍മോ ഫെര്‍ണാണ്ടസ് ആണ് ടീമിന്റെ വജ്രായുധം. 31കാരനായ ഗില്ലര്മോയ്ക്ക് ലാ ലിഗയിലും അതുവഴി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലും കളിച്ചതിന്റെ പരിചയ സമ്പത്തുണ്ട്.
ഇരു ടീമുകളും ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് തവണയും ജയിച്ചത് മോന് ബഗാന് ആണ്. നോര്‍ത്ത് ഈസ്റ്റ് രണ്ട് തവണയും. ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലാണ് അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 4-2ന് മോഹന്‍ ബഗാന് ആണ് വിജയിച്ചത്.
കഴിഞ്ഞ മാസം 27ന് ആരംഭിച്ച ഡ്യൂറന്റ് കപ്പില്‍ ഇക്കുറി 24 ടീമുകളാണ് ആകെ പങ്കെടുത്തത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തോല്‍വി അറിയാതെ ക്വാര്‍ട്ടര്‍ വരെ മുന്നേറിയെങ്കിലും ബെംഗളൂരു എഫ്സിയോട് പരാജയപ്പെട്ട് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: