ന്യൂയോര്‍ക്ക്: പുരുഷ സിംഗിള്‍സ് ടെന്നിസിലെ വമ്പന്‍ താരം കാര്‍ലോസ് അല്‍കാരസിനെ അട്ടിമറിച്ചു. യുഎസ് ഓപ്പണ്‍ ടെന്നിസ് രണ്ടാം റൗണ്ട് മത്സരത്തില്‍ ഡച്ച് താരം ബോട്ടിക് വാന്‍ ഡെ സാന്‍ഡ്സ്കള്‍പ്പ് മൂന്നാം സീഡ് താരത്തെ തോല്‍പ്പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്കാണ്. സ്കോര്‍: 1-6, 5-7, 4-6
സ്പെയിനില്‍ നിന്നുള്ള അല്‍കാരസ് ഇത്തവണ യുഎസ് ഓപ്പണില്‍ മൂന്നാം സീഡ് ആയാണ് മത്സരിക്കുന്നതെങ്കിലും നിലവിലെ ലോക ഒന്നാം നമ്പര്‍ താരമാണ്. റാങ്കിങ്ങില്‍ ഭാരതത്തിന്റെ സുമിത് നാഗലിനെക്കാള്‍ ഒരു റാങ്ക് പിന്നിലുള്ളയാളാണ് അല്‍കാരസിനെ മലര്‍ത്തിയടിച്ച ഡച്ചുകാരന് വാന്‍ ഡെ സാന്‍ഡ്സ്കള്‍പ്പ്. ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ സാധാരണ അട്ടിമറികള്‍ പതിവുള്ളതാണെങ്കിലും ഒന്നാം റാങ്കിലുള്ള താരം ഇത്രയും പിന്നില്‍ നില്ക്കുന്നവരോട് തോല്‍ക്കുന്നത് അത്യപൂര്‍വ്വമാണ്. തോല്ക്കുകയാണെങ്കില് പോലും കടുത്ത പോരാട്ടത്തിനൊടുവിലായിരിക്കും തോല്‍ക്കുക. ഇത് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അല്‍കാരസ് അടിയറവച്ചിരിക്കുന്നത്. മൂന്ന് സെറ്റുകളില്‍ ഒരെണ്ണം പോലും ടൈബ്രേക്കറിലേക്ക് നീണ്ടില്ലെന്നതും ശ്രദ്ധേയമാണ്.
വമ്പന്‍ ജയത്തോടെ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയ വാന്‍ ഡെ സാന്ഡ്സ്കള്പ്പിന്റെ അടുത്ത എതിരാളി 25-ാം സീഡ് താരം ജാക്ക് ഡ്രെയ്പ്പര്‍ ആണ്. ആദ്യ റൗണ്ടില്‍ കരുത്തന് താരം ഡെനിസ് ഷപ്പോവാലോവിനെ തോല്‍പ്പിച്ചാണ് വാന്‍ ഡെ സാന്‍ഡ്സ്കള്‍പ്പ് തുടക്കമിട്ടത്. 2022ല്‍ എട്ടി റാങ്കിങ്ങില്‍ താരം 22-ാം സ്ഥാനം വരെ എത്തിയിട്ടുണ്ട്. മികച്ച കളികള്‍ പുറത്തെടുക്കാറുണ്ടെങ്കിലും സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാതെ വരുന്നത് വിനയാകുന്നു. കരിയറില്‍ ഇതേവരെ മൂന്ന് ഗ്രാന്‍ഡ് സ്ലാമുകളില്‍ മൂന്നാം റൗണ്ട് വരെ മുന്നേറിയത് മാത്രമാണ് വമ്പന്‍ നേട്ടം. യുഎസ് ഓപ്പണിലെ ആദ്യ മൂന്നാം റൗണ്ട് പ്രവേശമാണ് ഇത്.
സിറ്റ്സിപ്പാസ്, റൈബാക്കിന, ഒസാക്ക…
അല്‍കാരസ് മാത്രമല്ല ഇത്തവണ അട്ടിമറിക്കപ്പെട്ടവരുടെ നിരയ്ക്ക് തുടക്കമിട്ടത് 11-ാം സീഡ് ആയി ഇറങ്ങിയ സ്റ്റെഫാനോസ് സിറ്റ്സിപ്പാസ് ആണ്. ആദ്യ റൗണ്ടില്‍ തന്നെ സിഡില്ലാതാരം തനാസി കൊക്കിനാകിസ് സിറ്റ്സിപ്പാസിനെ പരാജയപ്പെടുത്തിയിരുന്നു.
ആദ്യ റൗണ്ടില്‍ തകര്‍പ്പന്‍ ജയത്തോടെ മുന്നേറിടയ റൈബാക്കിന രണ്ടാംമത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് എതിരാളി ഫ്രാന്‍സിന്റെ ജസീക്ക പൊന്ഷേറ്റിന് വാക്കോവര്‍ ലഭിച്ചു. കരോലിന് വോസ്നിയാക്കി ആണ് പൊന്ഷേറ്റിന്റെ അടുത്ത റൗണ്ടിലെ എതിരാളി.
മറ്റൊരു മുന്‍ ഗ്രാന്‍ഡ് സ്ലാം ജേത്രി നവോമി ഒസാക്കയും രണ്ടാം റൗണ്ടില്‍ പുറത്തായി. കരോലിന മുച്ചോവയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് താരത്തിന്റെ പുറത്താകല്‍. സ്കോര്‍: 3-6, 6-7(5-7). ആദ്യ റൗണ്ടില്‍ കരുത്തന് പോരാട്ടത്തില്‍ ഒസാക്ക യലേന ഒസ്റ്റപെങ്കോയെ തോല്‍പ്പിച്ചിരുന്നു. നേരിട്ടുള്ള സെറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ഒസാക്ക തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: