ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ മുത്തമിട്ട് ഇറ്റാലിയന്‍ താരം. ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നറാണ് ഇത്തവണത്തെ കിരീടത്തിന് അവകാശിയായത്. ഞായറാഴ്ച രാത്രി നടന്ന ഫൈനലില്‍ യുഎസിന്റെ ടെയ്ലര് ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തര്കത്താണ് കരിയറിലെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടം സിന്നര്‍ സ്വന്തമാക്കിയത്. സ്കോര്‍: 6-3, 6-4, 7-5. കിരീടനേട്ടത്തോടെ യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ ഇറ്റാലിയന്‍ താരവുമായി സിന്നര്‍.
സിന്നറുടെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും 23 വയസ്സുകാരനായ താരം വിജയിച്ചിരുന്നു.
തുടക്കം മുതല്‍ ആധിപത്യം തുടര്‍ന്ന സിന്നര്‍ ആദ്യസെറ്റില്‍ 4-3ന് മുന്നിലായിരുന്നു. യുഎസ് താരത്തെ ആരാധകര്‍ക്കു മുന്നില്‍ പ്രതിരോധത്തിലാക്കിയ സിന്നര്‍ ആദ്യ സെറ്റ് ഏറെ പണിപ്പെടാതെ 6-3ന് സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ ഇരുവരും തുല്യതയോടെയുള്ള പോരായി. മികച്ച പ്രകടനങ്ങളുമായി രണ്ടു താരങ്ങളും പൊരുതിയതോടെ സ്കോര്‍ 3-3 എന്ന നിലയില്‍. പിന്നീട് 5-4 എന്ന നിലയില്‍ മുന്നിലെത്തിയ ലോക ഒന്നാം നമ്പര്‍ താരം 6-4ന് രണ്ടാം സെറ്റ് പിടിച്ചെടുത്തു.
മൂന്നാം സെറ്റിലും ഒപ്പത്തിനൊപ്പമായിരുന്നു ഇരുവരും. എന്നാല്‍ ഒരുഘട്ടത്തില്‍ ഫ്രിറ്റ്സ് 5-3ന് മുന്നിലെത്തി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച സിന്നര്‍ 7-5 മൂന്നാം സെറ്റും യുഎസ് ഓപ്പണ്‍ കിരീടവും സ്വന്തമാക്കി. ലോക 12-ാം നമ്പര്‍ താരമായ ഫ്രിറ്റ്സ് 2009ന് ശേഷം ഗ്രാന്‍ഡ് സ്ലാം ഫൈനലിലെത്തുന്ന യുഎസിന്റെ ആദ്യ പുരുഷ താരമാണ്.
ഈ വര്‍ഷമാദ്യം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഡാനില്‍ മെദ്വദേവിനെ വീഴ്ത്തിയാണ് സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം വിജയിക്കുന്നത്.
2001 ആഗസ്തില്‍ ഇറ്റലിയിലെ ഇനി ചെനിലാണ് സിന്നറിന്റെ ജനനം. റിക്കോര്‍ഡ് പിയറ്റി, മാസിമോ സര്റ്റോറി എന്നിവര്‍ക്കു കീഴിലായിരുന്നു സിന്നറുടെ ടെന്നിസ് പരിശീലനം. 2019ല്‍ നെക്സ്റ്റ് ജനറേഷന് എടിപി ഫൈനല്‍സ് ജയിച്ചതാണ് കരിയറിലെ ആദ്യത്തെ പ്രധാന കിരീടനേട്ടം. കഴിഞ്ഞ വര്‍ഷം കനേഡിയന്‍ ഓപ്പണ്‍ വിജയിച്ച താരം, എടിപി ഫൈനല്സിലെത്തിയെങ്കിലും നൊവാക് ജോക്കോവിച്ചിനു മുന്നില്‍ അടിപതറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: