കൊച്ചി: എഎംഎംഎയിലെ തലമുറ മാറ്റത്തെ സ്വാഗതം ചെയ്യുന്നതായും സകല മേഖലയിലും വ്യാപകമായ രാസലഹരി ഉപയോഗം നിയന്ത്രിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ വിജി തമ്പി.
സിനിമ മേഖലയിലെ വെളിപ്പെടുത്തലുകള്‍ ശരിയാണെങ്കില്‍ തീര്‍ച്ചയായും അത് ഗുരുതരമാണ്. എഎംഎംഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുകേഷും സിപിഎമ്മുമാണ്. വിശ്വഹിന്ദു പരിഷത്തിനും തനിക്കും അതില്‍ പ്രത്യേക അഭിപ്രായമില്ല. എഎംഎംഎയിലെ വിഷയത്തില്‍ ഔദ്യോഗിക വക്താക്കള്‍ ആണ് പ്രതികരിക്കേണ്ടത്. അച്ചടക്കമുള്ള ഒരംഗം മാത്രമാണ് താന്‍. വരുന്ന തെരഞ്ഞെടുപ്പിലും തന്റെ ആ അവകാശം വിനിയോഗിക്കുമെന്നും വിജി തമ്പി പറഞ്ഞു.
യുവതലമുറ മദ്യം പോലുള്ളവയില്‍ നിന്ന് മാറി രാസലഹരിയിലേക്ക് എത്തിയിരിക്കുകയാണ്. മലയാള സിനിമയേയും കോളേജ്, സ്കൂള്‍ പോലുള്ള സകല മേഖലകളേയും ഈ വിഷയം ഇന്ന് ഗുരുതരമായ ബാധിച്ചിരിക്കുകയാണ്. യുവാക്കള്‍ക്കൊപ്പം യുവതികളും ഈ ചതിക്കുഴികളില്‍ വീഴുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മദ്യമടക്കമുള്ളവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിലപാടുമായി മുന്നോട്ട് പോകുകയാണ്. വിഷയത്തില്‍ കര്‍ക്കശമായ നിലപാട് എടുക്കേണ്ടത് സര്‍ക്കാരാണ്. എന്തുകൊണ്ട് അത് സ്വീകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ തന്നെ പറയണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമകളില്‍ ഇന്ന് കുടുംബ ബന്ധങ്ങളില്ല. സമൂഹത്തിന്റെ മറ്റൊരു പരിച്ഛേദമായാണ് സിനിമകളെ കണക്കാക്കുന്നത്. സിനിമയില്‍ കാണിക്കുന്നത് അനുകരിക്കാനും ആ തരത്തില്‍ കുറ്റകൃത്യങ്ങളടക്കം ചെയ്യുന്നതുമായാണ് ഇന്ന് കണ്ടുവരുന്നത്.
സിനിമ തിയറ്ററില്‍ നിന്ന് മാറി ഒടിടിയിലെത്തിയതോടെ എല്ലാവര്ക്കും കാണാവുന്ന തരത്തിലായി. മുമ്പുണ്ടായിരുന്ന പ്രായ പരിധിയും ഇതോടെ ഇല്ലാതായെന്നും അദ്ദേഹം മാറി.
ഇത്തരം കാര്യങ്ങളില്‍ മാതാപിതാക്കള്‍ ശ്രദ്ധചെലുത്തണമെന്നും കുട്ടകളുടെ ഒപ്പം സമയം ചിലവഴിക്കണമെന്നും വിജി തമ്പി കൊച്ചിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: