സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നുണ്ടായ പൊട്ടിത്തെറികള്‍ അവസാനിക്കുന്നില്ല. താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ അധ്യക്ഷന്‍ മോഹന്‍ലാലടക്കം ഭരണസമിതി ഒന്നടങ്കം രാജിവച്ചതാണ് പുതിയ സംഭവവികാസം. അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് അധ്യക്ഷസ്ഥാനത്ത് തുടരാന്‍ ധാര്‍മിക ബോധം അനുവദിക്കുന്നില്ല എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. ലൈംഗിക പീഡന ആരോപണം നേരിടുന്ന നടന്‍ സിദ്ദിഖ് നേരത്തെ താരസംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. തന്നെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് ഒരു നടി വെളിപ്പെടുത്തിയത്. സിദ്ദിഖ് രാജിവച്ചതോടെ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ ബാബുരാജിന് നല്‍കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ ഈ നടനെതിരെയും ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതോടെ ആ നീക്കം വിജയിച്ചില്ല. ഇതിനു പുറമെ ഇടവേള ബാബുവിനും മണിയന്‍പിള്ള രാജുവിനും മുകേഷിനുമടക്കം എഎംഎംഎയുടെ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കുമെതിരെ നിരവധി നടിമാര്‍ പരാതികളുമായി രംഗത്തുവന്നതോടെ സംഘടനയുടെ പ്രതിച്ഛായ പൂര്‍ണമായും നഷ്ടപ്പെട്ടു. ആരോപണം നേരിടുന്നവര്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് നടന്മാരായ ജഗദീഷും പൃഥ്വിരാജും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മുഴുവന്‍ ഭരണസമിതിയും രാജിവച്ചത്. മുഖം രക്ഷിക്കാനുള്ള നടപടിയാണ് ഇതെങ്കില്‍ അത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല.
ഭരണസമിതിയംഗങ്ങളുടെ കൂട്ടരാജിയോടെ ഫലത്തില്‍ താരസംഘടന തന്നെ ഇല്ലാതായിരിക്കുകയാണ്. ഇങ്ങനെയൊരു നടപടി ആവശ്യമില്ലായിരുന്നുവെന്നും, ആരോപണവിധേയര്‍ മാറിനിന്നാല്‍ മതിയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ഇവിടെ ഒരു പ്രശ്‌നമുണ്ട്. ഇതിനോടകം ആരോപണ വിധേയരാകാത്തവര്‍ നല്ലപിള്ളകളാണെന്ന് കരുതാനാവില്ല. ആര്‍ക്കെതിരെ എപ്പോഴാണ് വെളിപ്പെടുത്തലുണ്ടാവുകയെന്ന് പറയാനാവില്ല. അതുകൊണ്ട് താര സംഘടന നിലവില്ലാതായത് ഒരുകണക്കിന് നന്നായി. പക്ഷേ പ്രശ്‌നം അവിടെ അവസാനിക്കുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുകളുള്ള വ്യക്തികള്‍ക്കെതിരെ അവര്‍ ചെയ്ത കുറ്റങ്ങളുടെ പേരില്‍ നിയമപരമായ നടപടികളെടുക്കുന്നുണ്ടോ എന്നതാണ് കാര്യം. താരസംഘടനയിലുണ്ടായിരുന്നവര്‍ ഇതിനെ അനുകൂലിക്കുന്നുണ്ടോ? ഇപ്പോള്‍ രാജിവച്ച് പുറത്തുവന്നിട്ടുള്ള പലരും ആരോപണവിധേയര്‍ക്കെതിരെ നിയമനടപടികളെടുക്കുന്നതിനോട് യോജിപ്പുള്ളവരല്ല. ഒന്നിലധികം അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള നടന്‍ മുകേഷിനെ നടീനടന്മാരില്‍ അപൂര്‍വം ചിലര്‍ മാത്രമാണ് വിമര്‍ശിക്കുന്നത്. ഈ നടനാവട്ടെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ കേസുകൊടുത്തും, കള്ളമാണെന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാവുന്ന കാര്യങ്ങള്‍ പ്രചരിപ്പിച്ചും പിടിച്ചുനില്‍ക്കാനാണ് ശ്രമിക്കുന്നത്. ഈ നടനെതിരെ ഇനിയും കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായാലും അത്ഭുതപ്പെടാനില്ല. ഇത്ര മോശമായ ഒരു സാഹചര്യത്തിനോട് പ്രതികരിക്കാന്‍ ഇടതുപക്ഷ സഹയാത്രികര്‍ തയ്യാറാവാത്തത് കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ അധഃപതനമാണ് കാണിക്കുന്നത്.
ലൈംഗിക താല്‍പ്പര്യം വച്ചുകൊണ്ട് തന്നോട് മോശമായി പെരുമാറിയെന്ന് ഒരു ബംഗാളി നടി ആരോപണമുന്നയിച്ച സംവിധായകന്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ആരോപണം വ്യക്തമായിരുന്നിട്ടും, അതിനെ ശരിവയ്‌ക്കുന്ന വിവരങ്ങള്‍ പലതും പുറത്തുവന്നിട്ടും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഇടതുമുന്നണി സര്‍ക്കാരും രഞ്ജിത്തിനെ സംരക്ഷിക്കുകയായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നപ്പോഴാണ് രാജിവയ്‌ക്കാന്‍ നിര്‍ബന്ധിതനായത്. രഞ്ജിത്തിന്റെ കാര്യത്തില്‍ സ്വീകരിച്ച തെറ്റായ സമീപനം തന്നെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ മുകേഷിനോടും സ്വീകരിക്കുന്നത്. മുകേഷ് ഒരു ജനപ്രതിനിധിയാണ്. രഞ്ജിത്തിനെക്കാള്‍ ഗുരുതരമായ ആരോപണങ്ങളാണ് ഈ നടനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നിട്ടും രാജിവയ്‌ക്കേണ്ടതില്ലെന്ന സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് സദാചാരത്തിനും ധാര്‍മിക ബോധത്തിനും നിരക്കുന്നതല്ല. നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്. നാലരവര്‍ഷം ലഭിച്ചിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍ ഇതേ നയം തന്നെയാണ് മുകേഷിന്റെ കാര്യത്തിലും സ്വീകരിക്കുന്നത്. ആരോപണങ്ങളില്‍ കേസെടുക്കാതെ, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് തട്ടിപ്പാണ്. ആരോപണവിധേയര്‍ക്ക് സാവകാശം നല്‍കാനും, തെളിവുകള്‍ നശിപ്പിക്കാനുമായിരിക്കും ഇതുവഴി സര്‍ക്കാര്‍ ശ്രമിക്കുക. ഹേമ കമ്മിറ്റി കുറ്റപ്പെടുത്തുന്ന സിനിമാ രംഗത്തെ പവര്‍ഗ്രൂപ്പിന് ഈ അന്വേഷണ സംഘത്തെ സ്വാധീനിക്കാന്‍ എളുപ്പം കഴിയും. പരാതികളിലും വെളിപ്പെടുത്തലുകളിലും കേസെടുത്ത് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: