പുതുക്കാട് (തൃശൂര്‍): ഉക്രൈനില്‍ കൊല്ലപ്പെട്ട റഷ്യന്‍ സംഘത്തിലെ തൃക്കൂര് സ്വദേശി സന്ദീപിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് റഷ്യന്‍ സൈന്യത്തിന്റെ അനുമതിയായി. ഇതു സംബന്ധിച്ച വിവരം വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യന്‍ എംബസി അധികൃതര്‍ സന്ദീപിന്റെ കുടുംബത്തെ അറിയിച്ചു.
സൈന്യത്തിന്റെ ഔദ്യോഗിക പരിശോധനയും എംബാം ഉള്‍പ്പെടെയുളള നടപടികളും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കയക്കും. റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്ന കല്ലൂര്‍ നായരങ്ങാടി കാങ്കില്‍ സന്ദീപ് ഉക്രൈന് ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. റഷ്യന്‍ പൗരത്വമുള്ള സന്ദീപ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനാല്‍ സൈനിക ആദരവും നല്കിയ ശേഷമേ മൃതദേഹം വിട്ടുകിട്ടൂ.
റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധം ചെയ്യുന്നതിനിടെ ഉക്രൈനിലെ ഡൊണെറ്റ്സ്കില്‍ വെച്ചാണ് സന്ദീപ് കൊല്ലപ്പെട്ടത്. റഷ്യയിലെ റസ്തോവിലെ ആശുപത്രിയിലാണ് സന്ദീപിന്റെ മൃതദേഹമുള്ളത്. ചാലക്കുടിയിലെ ഏജന്റ് വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു ഏഴു പേരും റഷ്യയിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: