ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉഷ ഹസീന. ഒരു കാലത്ത് നിരന്തരം സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന നടി ഇടയ്ക്ക് പൂര്‍ണമായിട്ടും അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് തിരികെ വരികയും വീണ്ടും ഇടവേള എടുത്ത് പോവുകയും ചെയ്തു.
പ്രതികരിക്കാന്‍ പോയതിന്റെ പേരില്‍ തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരങ്ങള്‍ ചിലര്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് പറയുകയാണ് ഉഷയിപ്പോള്‍. ഹേമ കമ്മീറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്കിയ മറുപടിയിലൂടെയാണ് ഉഷ തന്റെ അനുഭവങ്ങളും പങ്കുവെച്ചത്.
ഇത്തരം അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടില്ലെന്നല്ല, ഉണ്ടായിട്ടുണ്ട്. ഞാന്‍ സിനിമയിലേക്ക് വന്ന സമയത്താണ്. ഒരു സംവിധായകന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോഴെ അദ്ദേഹം ഭയങ്കര കുഴപ്പക്കാരനാണെന്ന് പലരും പറഞ്ഞു. അങ്ങനൊരു ഭയത്തോട് കൂടിയാണ് അതില്‍ അഭിനയിക്കാന്‍ പോയത്. പിന്നെ വാപ്പ എന്റെ കൂടെയുളളതിന്റെ ധൈര്യം ഉണ്ടായിരുന്നു.
ആ സംവിധായകന്റെ രീതികള്‍ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. അഭിനയിക്കാന്‍ ചെല്ലുന്ന നടിമാര്‍ക്ക് ആദ്യം എല്ലാത്തിനും സ്വാതന്ത്യം കൊടുക്കും. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, പൊട്ട് വെക്കണോ, വെച്ചോളൂ.അങ്ങനെയാണ്. പിന്നീട് പുള്ളിയുടെ സ്വഭാവം മാറി തുടങ്ങി. ഫോണിലൂടെ വിളിച്ച് റൂമിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ഞാനെന്റെ പിതാവിനൊപ്പമാണ് അങ്ങോട്ട് പോയത്. അദ്ദേഹം ഇപ്പോള്‍ ജീവനോടെയില്ല, മരിച്ച് പോയി. അതുകൊണ്ട് കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ല.
അങ്ങനൊരു അനുഭവം ഉണ്ടായ സമയത്ത് തന്നെ ഞാന്‍ പ്രതികരിച്ചിരുന്നു. പിന്നീട് സെറ്റിലേക്ക് വന്നാല്‍ നമ്മളോട് ഇദ്ദേഹം വളരെ മോശമായി പെരുമാറാന്‍ തുടങ്ങി. നന്നായി അഭിനയിച്ചാലും അത് മോശമാണെന്ന് പറയും. മറ്റുള്ളവരുടെ മുന്നില്‍ ഭയങ്കരമായി ഇന്‍സള്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് ചെരുപ്പൂരി അടിച്ചോണ്ട് ഞാന്‍ പ്രതികരിച്ചിരുന്നു. അന്ന് മീഡിയ കുറവായിരുന്നല്ലോ. മാസികകളിലാണ് ആ വാര്‍ത്തഎഴുതി വന്നത്.
പവര്‍ ഗ്രൂപ്പ് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. അവസരത്തിന് വേണ്ടി കിടക്ക പങ്കിടണം എന്ന് മാത്രമല്ല, മറ്റ് പല കാര്യങ്ങള്‍ക്കും പ്രതികരിച്ചതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴെനിക്ക് തോന്നുന്നുണ്ട്. ഞാന്‍ കുറേ അനുഭവിച്ചു. കുറേ ആളുകള്‍ ചേര്‍ന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് ഇതൊക്കെ ചെയ്യുന്നതെന്ന് അന്ന് അറിയില്ല. കുറേ കാലം സിനിമയില്‍ അവസരം ഇല്ലാതെ പോയത് അതുകൊണ്ടാണെന്ന് എനിക്കിപ്പോഴാണ് മനസിലാവുന്നത്.
പ്രതികരിച്ചതിന്റെ പേരിലാണ് എനിക്ക് കുറേ സിനിമകള്‍ നഷ്ടപ്പെട്ടത്. അത് മുന്‍പ് പറഞ്ഞ സംവിധായകന് കാരണമല്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ ഞാന്‍ പിന്നീട് അഭിനയിച്ചിട്ടില്ലെന്നേയുള്ളു.
എന്റെ കുറച്ച് കാര്യങ്ങള്‍ ഞാന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇനി പറഞ്ഞത് കൊണ്ട് കാര്യമില്ലല്ലോ എന്ന് വിചാരിച്ച് മിണ്ടാതിരുന്നതാണ്. ആരോടാണ് നമ്മള് പരാതി പറയേണ്ടത്. ഇന്നത്തെ പോലെ അന്ന് നിയമങ്ങള്‍ ഇല്ല. പറയാന്‍ ആരുമില്ലായിരുന്നുവെന്നും ഉഷ കൂട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: