കോട്ടയം: ചലച്ചിത്രമേഖലയെ വെളുപ്പിക്കാന്‍ ശ്രമിച്ചിട്ട് പാണ്ടായ അവസ്ഥയിലായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആകെത്തുക. കേരളത്തിനു പുറത്തും രാജ്യാന്തര തലത്തിലും വരെ മലയാള സിനിമ ആഭാസന്മാരുടെയും പെണ്ണുപിടിയന്മാരുടെയും ആവാസ കേന്ദ്രമാണെന്ന് വരുത്തി തീര്‍ക്കാന്‍ മാത്രമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രയോജനപ്പെട്ടുള്ളൂ എന്നാണ് ആക്ഷേപം. ഇതിനേക്കാള്‍ ഉപരി മലയാള സിനിമയില്‍ അവസരങ്ങള്‍ ലഭിച്ച നടിമാരെല്ലാം പ്രമുഖര്‍ക്കൊപ്പം കിടക്ക പങ്കിട്ടവരാണെന്ന നിലയ്ക്കായി കാര്യങ്ങള്‍.
അഭിനയശേഷിയില്ലെങ്കിലും അവസരമില്ലാത്തവരെല്ലാം പതിവ്രതകളും അവസരം ലഭിച്ചവരെല്ലാം മോശക്കാരും എന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടു. ഫലത്തില്‍ മലയാളത്തിലെ വനിതാ താരങ്ങളുടെ അഭിമാന സംരക്ഷണത്തിനായി രൂപീകരിച്ച കമ്മിറ്റി റിപ്പോര്‍ട്ട് കൊണ്ട് വനിതാ താരങ്ങളെ തന്നെ പച്ചയ്ക്ക് അപമാനിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്.
കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച ഒട്ടേറെ നടിമാര്‍ക്ക് തലയുയര്‍ത്തിപ്പിടിച്ച് നടക്കാനാവാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. താരതമ്യേന മികച്ച നടിമാരായ ഇവരെ സംബന്ധിച്ചിടത്തോളം അവര്‍ മാത്രമല്ല അവരുടെ അമ്മമാര്‍ പോലും സംശയത്തിന്റെ നിഴലിലായി. അഭിനയം ഒരു പാഷനായി കൊണ്ടുനടക്കുകയും മികവുകൊണ്ട് മാത്രം മുന്‍നിരയില്‍ എത്തുകയും ചെയ്ത ഒട്ടേറെ നടിമാരെ അപമാനിക്കാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പുകളും കൂട്ടമായി പറന്നിറങ്ങിയിരിക്കുകയാണ്.
പരിഷ്കരണ വാദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ച രംഗത്ത് വന്ന വിരലിലെണ്ണാവുന്ന നടിമാരുടെ വാക്കു മാത്രം കേട്ട് ഒരു സാംസ്കാരിക വ്യവസായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടായത്.
നടിയെ ആക്രമിച്ച കേസില്‍ പ്രതിരോധം തണുപ്പിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഹേമ കമ്മിറ്റി. എന്നാല്‍ അത് ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കലാവിഷ്കാരത്തില്‍ നിയമത്തിന് പരിമിതിയുണ്ടെന്ന പ്രാഥമിക പാഠം ബന്ധപ്പെട്ടവര്‍ക്ക് അറിയാതെ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: