ന്യൂദല്‍ഹി: ഭാരത ഫുട്ബോള്‍ ടീം പുതിയ പരിശീലകന് മാനോലോ മാര്‍ക്വെസ് വരാനിരിക്കുന്ന ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ഫുട്ബോളിനുള്ള 26 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് രാഷ്ട്രങ്ങള്‍ അടങ്ങുന്ന ടൂര്ണമെന്റിനൊരുങ്ങാനുള്ള കോച്ചിങ് ക്യാമ്പിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അതില്‍ നിന്ന് അന്തിമ ടീമിനെ പ്രഖ്യാപിക്കും. അടുത്ത മാസം മൂന്ന് മുതല്‍ ഒമ്പത് വരെയാണ് ടൂര്‍ണമെന്റ്.
ഹൈദരാബാദില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ മറ്റ് രണ്ട് ടീമുകള്‍ സിറിയയും മൗറീഷ്യസും ആണ്. ഫിഫ റാങ്കിങ്ങില്‍ 93-ാം സ്ഥാനത്താണ് സിറിയ. മൗറീഷ്യസ് 179-ാമതും. ഭാരതം നിലവില്‍ 124-ാം റാങ്കിങ്ങിലാണ്.
31 മുതല്‍ ഹൈദരാബാദിലാണ് ഭാരത ടീമിന്റെ ക്യാമ്പ് ആരംഭിക്കുന്നത്. ഭാരത ടീം പരിശീലക പദവി ഏറ്റെടുത്ത ശേഷം മാനോലോ മാര്ക്വെസിന് നേരിടേണ്ടി വരുന്ന ആദ്യ പരീക്ഷണമാണ് ഇന്റര്‍ കോണ്ടിനെന്റല് ടൂര്‍ണമെന്റ്.
രണ്ട് ടീമുകളെയാണ് ഭാരതത്തിന് നേരിടാനുള്ളത്. ഫിഫ റാങ്കിങ്ങില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. പക്ഷെ പ്രകടനത്തിന്റെ മാനദണ്ഡം അതാകണമെന്നില്ല. അതിനാല്‍ രണ്ട് മികച്ച ടീമുകളെയാണ് ഭാരതത്തിന് നേരിടാനുള്ളത്- മാനോലോ വ്യക്തമാക്കി.
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ നാലാം പതിപ്പാണ് ഇത്തവണത്തേത്. 2018ല്‍ മുംബൈയിലാണ് ആദ്യമായി നടന്നത്. തൊട്ടടുത്ത വര്‍ഷം അഹമ്മദാബാദിലും കഴിഞ്ഞ വര്‍ഷം ഭുവനേശ്വറിലും ഇതിന്റെ രണ്ടും മൂന്നും പതിപ്പുകള്‍ നടന്നു. ഇതില്‍ 2018ലും 2023ലും ഭാരതം ജേതാക്കളായി.
സാധ്യതാ ടീം:
ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ്, അമരീന്ദര്‍ സിങ്, പ്രഭ്സൂഖന്‍ സിങ് ഗില്‍
പ്രതിരോധക്കാര്‍- നിഖില്‍ പൂജാരി, രാഹുല്‍ ഭെക്കെ, ചിംഗ്ലെന്സാനാ സിങ് കോന്‍ഷാം, റോഷന് സിങ് നവോറെം, അന്‍വര്‍ അലി, ജയ് ഗുപ്ത, ആഷിഷ് റായി, ശുഭാഷിഷ് ബോസ്, മെഹ്താബ് സിങ്.
മധ്യനിരക്കാര്‍- സുരേഷ് സിങ് വാങ്ജം, ജീക്ക്സണ് സിങ്, നന്ദകുമാര്‍ ശേകര്‍, നാവോറെം മഹേഷ് സിങ്, യാസില്‍ മുഹമ്മദ്, ലാലെങ്മാവിയ റാള്‍റ്റെ, അനിരുദ്ധ് ഥാപ്പ, സഹല്‍ അബ്ദുല്‍ സമദ്, ലല്ലിയന്സുവാലാ ഛാങ്തെ, ലാല്ത്തതംഗ ഖൗള്റിങ്
മുന്നേറ്റക്കാര്‍- കിയാന് നാസ്സിരി ഗിരി, എഡ്മണ്ട് ലാല്റിന്ദിക, മന്‍വീര്‍ സിങ്, ലിസ്റ്റണ്‍ കൊളാസോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: