റായ്‌പൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓഗസ്റ്റ് 23 മുതൽ ഛത്തീസ്ഗഢിൽ മൂന്ന് ദിവസത്തെ സന്ദർശനം നടത്തുമെന്ന് അധികൃതർ അറിയിച്ചു. സന്ദർശന വേളയിൽ നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള യോഗങ്ങളുടെ ഒരു പരമ്പരയിൽ അദ്ദേഹം അധ്യക്ഷത വഹിക്കുമെന്ന്
റിപ്പോർട്ടുണ്ട്.
ഷാ ഓഗസ്റ്റ് 23 ന് വൈകുന്നേരം റായ്‌പൂരിൽ എത്തുമെന്നും 25 ന് വൈകുന്നേരം ദൽഹിയിലേക്ക് മടങ്ങുമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. 24ന് രാവിലെ റായ്‌പൂർ ജില്ലയിലെ ചമ്പാരൻ പട്ടണത്തിലുള്ള മഹാപ്രഭു വല്ലഭാചാര്യയുടെ ആശ്രമം കേന്ദ്രമന്ത്രി സന്ദർശിക്കും.
പിന്നീട് അന്തർസംസ്ഥാന ഏകോപനത്തെക്കുറിച്ച് ഛത്തീസ്ഗഡിലെയും അയൽ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെയും ഡയറക്ടർ ജനറൽമാരുടെയും യോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിക്കും.
തുടർന്ന് സംസ്ഥാനത്തെ ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലെ സുരക്ഷയും വികസനവും സംബന്ധിച്ച യോഗത്തിൽ അദ്ദേഹം അധ്യക്ഷനാകും. അടുത്ത ദിവസം രാവിലെ 10:30 ന് റായ്‌പൂരിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഓഫീസ് ഷാ ഉദ്ഘാടനം ചെയ്യുമെന്നും അവിടെ ഒരു അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനുശേഷം സഹകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി ഛത്തീസ്ഗഡിലെ സഹകരണ മേഖലയുടെ വിപുലീകരണ യോഗത്തിൽ അധ്യക്ഷത വഹിക്കും.
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ഛത്തീസ്ഗഢിൽ നക്‌സലൈറ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 142 നക്‌സലൈറ്റുകളെ സുരക്ഷാസേന വിവിധ ഏറ്റുമുട്ടലുകളിൽ വധിച്ചതായി സംസ്ഥന ഇൻ്റലിജൻസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: