കൊൽക്കത്ത: കൊൽക്കത്ത ബലാത്സംഗ-കൊലപാതക കേസിൽ നീതി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് ഉദയൻ ഗുഹയെ വിമർശിച്ച് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ. നിങ്ങൾ എത്ര കൈകൾ ഒടിക്കും, എത്ര വിരലുകൾ മുറിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
കൊൽക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുന്ന എല്ലാവർക്കും നിയമസഹായം നൽകാൻ ബിജെപി തയ്യാറാണെന്നും അവർ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
“കിത്‌നെ ലോഗോൻ കാ ഹാത്ത് ആപ് തോഡേങ്കേ, ഉങ്‌ലി കടേംഗേ (നിങ്ങൾ എത്ര പേരുടെ കൈകൾ ഒടിക്കും, എത്ര വിരലുകൾ നിങ്ങൾ വെട്ടും?) കോടിക്കണക്കിന് വിരലുകൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജിക്കായി ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ മമത ബാനർജി രാജിവെക്കണം. സംഭവത്തിൽ പ്രതിഷേധിക്കുന്ന എല്ലാവർക്കും നിയമസഹായം നൽകാൻ ബിജെപി തയ്യാറാണെന്ന് ഞാൻ ഉറപ്പുനൽകുന്നു. അവർ ഭയപ്പെടേണ്ടതില്ല,” – മജുംദാർ ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു.
കേസിൽ അറസ്റ്റിലായ പ്രതികളുടെ നുണപരിശോധന നടത്താൻ സിബിഐക്ക് അനുമതി ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ സിബിഐ സംഘം കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പരിശോധിച്ച് 3D ലേസർ മാപ്പിംഗ് നടത്തിയിരുന്നു.
അതേ സമയം കൊലപാതക കേസിൽ മമതയുടെ രാജി ആവശ്യപ്പെട്ടു സംസ്ഥാനത്തും രാജ്യത്താകമാനവും വ്യാപകമായ രോഷത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ഇരയ്‌ക്ക് നീതി ലഭിക്കണമെന്നും പ്രതികൾക്ക് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി അഭിഭാഷകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
ദൽഹിയിൽ മൗലാന ആസാദ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും നോർത്തേൺ റെയിൽവേ സെൻട്രൽ ആശുപത്രിയിലെ റസിഡൻ്റ് ഡോക്ടർമാരും നിർമാൺ ഭവന് പുറത്ത് പ്രതിഷേധിച്ചു. ചണ്ഡീഗഡിലും സമാനമായ പ്രകടനങ്ങൾ നടന്നു. മുംബൈ ആസാദ് മൈതാനത്ത് ഡോക്ടർമാരും പ്രതിഷേധിച്ചു.
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ, കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും കൊൽക്കത്ത ബലാത്സംഗ-കൊലപാതക കേസിൽ നീതി ആവശ്യപ്പെട്ട് കറുത്ത രാഖി കെട്ടി. കേസിൽ നീതി തേടി കൊൽക്കത്തയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും രാഖി കെട്ടി.
ഓഗസ്റ്റ് 18 ന്, സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന് സമീപം ഫുട്ബോൾ ആരാധകർ പ്രതിഷേധിച്ചു, അതിന്റെ ഫലമായി മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും തമ്മിലുള്ള ഡ്യൂറൻഡ് കപ്പ് മത്സരം റദ്ദാക്കി.
ആഗസ്ത് ഒമ്പതിന് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: