കോട്ടയം: സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനെ ചൊല്ലി ആദ്യകാലചലച്ചിത്ര താരം രഞ്ജിനിയുമായി കൊമ്പുകോര്‍ത്ത് വനിതാ കമ്മിഷന് അധ്യക്ഷ പി സതീദേവി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുന്‍പ് താന്‍ നല്കിയ മൊഴിയില്‍ എന്തൊക്കെ കാര്യങ്ങള്‍ വെളിപ്പെടുമെന്ന് അറിയാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് രഞ്ജിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇതിനെതിരെ നിലപാടെടുത്ത സതീദേവി രഞ്ജിനിയുടെ ഹര്‍ജി കോടതി തള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുന്‍പ് ഉന്നയിക്കാത്ത ആവശ്യമാണ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും ആരോപിച്ചു.
കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകുന്നതിനു പിന്നില്‍ രഞ്ജിനിയുടെ ഹര്‍ജിയാണെന്ന രീതിയിലായിരുന്നു സതീദേവിയുടെ നിലപാട്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളേണ്ട വനിതാ കമ്മീഷന് തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ഖേദകരമാണെന്ന് ചര്‍ച്ചയില്‍ തല്‍സമയം പങ്കെടുത്ത രഞ്ജിനി തുറന്നടിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് താന്‍ എതിരല്ലെന്നും അവര്‍ വ്യക്തമാക്കി. താന്‍ ഉള്‍പ്പെടെ നല്കിയ മൊഴികളില്‍ എന്തൊക്കെ കാര്യങ്ങളാണ് പുറത്തുവിടുന്നത് എന്നറിയാന്‍ തനിക്ക് നിയമപരമായ അവകാശമുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തേണ്ട് വനിതാ കമ്മിഷന് തനിക്കെതിരെ നിലപാടടുക്കുകയാണ്. വനിതാ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടാമായിരുന്നുവെങ്കിലും ചെയ്തില്ല. ഇതേ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
തങ്ങള്‍ നല്കുന്ന മൊഴികള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഹേമ കമ്മിറ്റി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ തങ്ങളുടെ മൊഴി ഉണ്ടോ എന്ന് അറിയേണ്ടതുണ്ട്. വളരെ സെന്‍സിറ്റീവായ ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നത് വഴി ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും രഞ്ജിനി ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: