തിരുവനന്തപുരം: വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനത്തില്‍ അഴിമതിയും വിദ്യാര്‍ഥി പീഡനവും നടക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് അഞ്ചു വിദ്യാര്‍ഥികള്‍ പട്ടിവര്‍ഗ കമ്മീഷന് പരാതി നല്കി. വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന് നല്‍കണമെന്ന പട്ടികവര്‍ഗ കമ്മീഷന്റെ ഉത്തരവ് ചവറ്റുകൊട്ടയില്‍. വിദ്യാര്‍ഥിനികളെ ഗേറ്റുപൂട്ടി സ്കൂള്‍ സൂപ്രണ്ട് മഴയത്തു നിര്‍ത്തിയതായും ആരോപണം.
സ്പോര്‍ട്സ് ട്രയലില്‍ സെലക്ഷന് നേടി അഞ്ചാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ പഠിച്ചിരുന്ന ഫുട്ബോള്‍, ജൂഡോ താരങ്ങളായ അജന്യ എം., വിധുഷ പി.ടി., ദിയ ശിവദാസന്‍, ഹൃധ്യ എ., അനുശ്രീ കലേഷ് എന്നീ വിദ്യാര്‍ഥികളെയാണ് ഇക്കഴിഞ്ഞ 13ന് സ്കൂള്‍ പൂട്ടി സൂപ്രണ്ട് മഴയത്തു നിര്‍ത്തിയത്. കുറച്ചുകാലമായി സൂപ്രണ്ടിന്റെയും ഒരു വനിതാ കോച്ചിന്റെയും അധ്യാപികയുടെയും പീഡനങ്ങള്‍ നേരിടുന്നതായി കുട്ടികള്‍ രക്ഷകര്‍ത്താക്കളോട് പരാതി പറഞ്ഞിരുന്നു. ഇതിന്റെ പകപോക്കലായാണ് ഈ കുട്ടികള്‍ക്ക് പ്ലസ്വണ്ണില്‍ പ്രവേശനം നിഷേധിക്കുന്നതെന്നാണ് ആരോപണം. വിധുഷ പി.ടി., അജന്യ എം., ദിയ ശിവദാസന്‍, ഹൃധ്യ എ., അനുശ്രീ കലേഷ് എന്നീ വിദ്യാര്‍ഥികളുടെ സ്പോര്‍ട്സ് പ്രാവീണ്യം പരിഗണിച്ചും കുട്ടികളുടെ ഭാവിയെ കണക്കിലെടുത്തും പ്ലസ് വണ്ണിന് അഡ്മിഷന് നല്കി പരിശീലനത്തിന് അവസരം ഒരുക്കണമെന്ന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന് ഉത്തരവുപോലും സ്കൂള്‍ അധികൃതര്‍ അവഗണിച്ചു.
വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് ജയിച്ചയുടന്‍ പ്ലസ്വണ് അഡ്മിഷനു വേണ്ടി അപേക്ഷ സമര്‍പ്പിക്കുകയും സ്കൂള്‍ അപേക്ഷ പ്രകാരം സ്പോര്‍ട്സ് കൗണ്‍സില്‍ നിശ്ചയിച്ച കോച്ചുമാരുടെ മേല്‍നോട്ടത്തില്‍ വിവിധ കായിക ഇനത്തില്‍ സെലക്ഷന് ട്രയല്‍ നടത്തി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഫുട്ബാള്‍ സെലക്ഷന് ലിസ്റ്റില്‍ 3,4,5 സ്ഥാനത്തുണ്ടായിരുന്ന ഇവരെ മറികടന്ന് 6,7,8 സ്ഥാനത്തുണ്ടായിരുന്ന വിദ്യാര്‍ഥികളെ തിരുകിക്കയറ്റുകയായിരുന്നു. സംസ്ഥാന തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും നേട്ടം കൈവരിക്കുകയും ചെയ്തവരെ ഒഴിവാക്കിയാണ് സ്കൂള്‍, ജില്ലാ തലങ്ങളില്‍ മാത്രം പങ്കെടുത്തവരെ തിരുകിക്കയറ്റിയത്. ജൂഡോ ഇനത്തില്‍ അഡ്മിഷന് ട്രയല്‍സില്‍ സംസ്ഥാന തലത്തില്‍ നേട്ടം കൈവരിച്ച അനുശ്രീയെ മറികടന്ന് അഡ്മിഷന് നല്കാന് പരിഗണിച്ചത് ജൂഡോ അറിയാത്ത വിദ്യാര്‍ഥിനിയെ.
പ്ലസ്വണ്ണിന് 39 സീറ്റുകളില്‍ അഡ്മിഷന് നടത്താന്‍ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ ഹയര്‍സെക്കന്‍ഡറി വിംഗ് അനുമതി നല്‍കിയെങ്കിലും നാലുവിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ ബോധപൂര്‍വം 30 സീറ്റായി വെള്ളായണി സ്കൂള്‍ അധികൃതര്‍ നിജപ്പെടുത്തുകയായിരുന്നു. 260 കുട്ടികളെ പഠിപ്പിക്കേണ്ട സ്കൂളില്‍ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു വഴങ്ങുന്നവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്ന നിലയില്‍ 202 കുട്ടികളെ മാത്രമാണ് പഠിപ്പിക്കുന്നത്.
കഴിവുള്ള കുട്ടികളെ ഒഴിവാക്കി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും സ്കൂള്‍ സൂപ്രണ്ടിന്റെയും വനിതാകോച്ചിന്റെയും നടപടികള്‍ അന്വേഷിക്കണമെന്നും പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാടും ജനറല്‍ സെക്രട്ടറി അഡ്വ. സ്വപ്നജിത്തും ആവശ്യപ്പെട്ടു. മനഃപൂര്‍വം ഒഴിവാക്കിയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് നിയമനടപടി ഉള്‍പ്പെടെ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് അഡ്വ. സ്വപ്നജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് പാറയില്‍ മോഹനന്, പുഞ്ചക്കരി രതീഷ് എന്നിവര്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: