കൊച്ചി: ആലപ്പുഴയിലെ തോട്ടപ്പള്ളി സ്പില്‍വേ മുഖേനയുള്ള ധാതുമണല്‍ ഖനനം അനധികൃതമാണെന്ന് ആരോപിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ഹര്‍ജി സ്വീകരിക്കുന്നതിന് മുമ്പ് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന് നോട്ടീസ് നല്‍കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
പ്രളയസമയത്ത്, വെള്ളപ്പൊക്ക സാധ്യത ലഘൂകരിക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് മണല്‍ നീക്കം ചെയ്യാന്‍ സംസ്ഥാനം ഉത്തരവിട്ടിരുന്നു. ഈ തീരുമാനം ഹൈക്കോടതി ശരിവച്ചു. എന്നാല്‍, 2018-ലും 2019-ലും ഉണ്ടായതുപോലുള്ള അടിയന്തര സാഹചര്യം ഇല്ലാതിരുന്നിട്ടും, ദുരന്തനിവാരണത്തിന്റെ മറവില്‍ തോട്ടപ്പള്ളി സ്പില്‍വേയിലെ ആറ്റോമിക് ധാതുക്കളുടെ പര്യവേക്ഷണവും കച്ചവടവും തുടരുകയാണെന്ന് ആരോപിച്ച് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു. അറ്റോമിക് എനര്‍ജി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട രണ്ട് ലൈസന്‍സുകള്‍ ഉള്‍പ്പെടെ, ഇത്തരത്തിലുള്ള ഖനനത്തിന് ലൈസന്‍സുകള്‍ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
ഹര്‍ജി പരിഗണിക്കവെ, മറ്റ് നിയമപരമായ ആവശ്യകതകള്‍ മറികടന്ന് ഈ പ്രക്രിയ എത്രനാള്‍ തുടരാനാകുമെന്ന് ഹൈക്കോടതി സംസ്ഥാനത്തോട് വാക്കാല്‍ ചോദ്യം ചെയ്തു. കുട്ടനാട് മേഖലയെ മുഴുവന്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് രക്ഷിക്കാന്‍ നടപടി അനിവാര്യമാണെന്ന് മറുപടിയായി സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
എം.എസ് സ്വാമിനാഥന് ഫൗണ്ടേഷനും ഐഐടി മദ്രാസും നടത്തിയ നിരവധി പഠനങ്ങള്‍ ഉദ്ധരിച്ച് സംസ്ഥാനം വിദഗ്ധ സമിതികളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നടപടികളെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഹര്‍ജിയില്‍ ചൂണ്ടിക്കിട പ്രശ്നം പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല പരിഹാരം സംബന്ധിച്ച് വിശദീകരണം ഫയല്‍ ചെയ്യാന്‍ സംസ്ഥാനത്തോടും കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള മറ്റ് കക്ഷികളോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: