പട്‌ന: ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനുള്ള കൊൽക്കത്ത ഹൈക്കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് രംഗത്തെത്തി. അതേ സമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സർക്കാർ പ്രശ്നം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മമതാ ബാനർജിയുടെ സർക്കാർ കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനും അത് നിശബ്ദമാക്കാനും ആഗ്രഹിച്ചു. എന്നാൽ കോടതി അത് മനസ്സിലാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുവെന്ന് നിത്യാനന്ദ് റായ് പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ സിബിഐ വിഷയം സജീവമായി അന്വേഷിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ആർജി കാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ സിബിഐ സംഘം കൊൽക്കത്തയിലെത്തി. ആഗസ്റ്റ് 9 ന് നടന്ന കൊലപാതകം രാജ്യവ്യാപകമായി രോഷത്തിന് ഇടയാക്കിയിരുന്നു. എന്നാൽ വനിതാ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ചൊവ്വാഴ്ച കൊൽക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
അതിനിടെ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള നയം രൂപീകരിക്കാൻ എല്ലാ മെഡിക്കൽ കോളേജുകൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ നിർദേശപ്രകാരം ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ഉപദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: