ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തെ അപലപിച്ച് ബോളിവുഡ് നടി ഹീന ഖാന്‍. നടി പ്രീതി സിന്‍റയുടെ പ്രതികരണത്തിന് പിന്നാലെയാണ് നടി ഹീന ഖാനും ബംഗ്ലാദേശിലെ സംഭവത്തെ അപലപിച്ചത്.
അതിക്രൂരമായി ആക്രമണം നേരിടുന്ന ഹിന്ദുസമുദായത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഹീന ഖാന്‍ പറഞ്ഞു. “ഒരു സമുദായവും ഇതുപോലുള്ള ക്രൂരതയിലൂടെ കടന്നുപോകാന്‍ പാടില്ല. തെറ്റ് തെറ്റ് തന്നെയാണ്. ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളും ബംഗ്ലാദേശില്‍ സുരക്ഷിതമായി ഇരുന്നേ മതിയാവൂ”- ഹീനഖാന്‍ പറഞ്ഞു.
“ന്യൂനപക്ഷസമുദായങ്ങളെ സംരക്ഷിക്കേണ്ടത് അവിടുത്തെ ഭൂരിപക്ഷ സമുദായത്തിന്റെ ചുമതലയാണ്.”.- ഹീന ഖാന്‍ പറഞ്ഞു. ഖുറാനില്‍ നിന്നുള്ള വചനം ഉദ്ധരിച്ച് ഹീനാഖാന്‍ മറ്റൊരു ട്വീറ്റും ചെയ്തിരുന്നു: “ഒരാള്‍ മറ്റൊരാളെ കൊല ചെയ്യുകയാണെങ്കില്‍ മനുഷ്യരാശിയെ തന്നെയാണ് നശിപ്പിക്കുന്നത്. ഒരാള്‍ മറ്റൊരാളെ നശിപ്പിക്കുകയാണെങ്കില്‍ മനുഷ്യരാശിയെ തന്നെയാണ് രക്ഷിക്കുന്നത്. -(വിശുദ്ധ ഖുറാന്‍ അധ്യാം അഞ്ച്- 32-33 വരികള്‍)
ഏകദേശം 205 ആസൂത്രിത ആക്രമണങ്ങളാണ് ഹിന്ദു സമുദായാംഗങ്ങള്‍ക്ക് നേരെ ജമാ അത്തെ ഇസ്ലാമിയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയും നടത്തിയത്. ഷേഖ് ഹസീന ആഗസ്ത് 5ന് ബംഗ്ലാദേശ് വിട്ടതിന് ശേഷം ഏകദേശം 5 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിരുന്നു.
ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കളെ പിന്തുണച്ചതിന് സമൂഹമാധ്യമങ്ങളില്‍ ഹീനാഖാന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഇത്രയേറെ വ്യക്തിപരമായ പ്രശ്നത്തില്‍ നില്‍ക്കുമ്പോള്‍ പോലും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെ പിന്തുണച്ച താങ്കള്‍ മനുഷ്യത്വത്തെയും നീതിയെയുമാണ് പിന്തുണക്കുന്നതെന്ന് ഒരാള്‍ പ്രതികരിച്ചു. ഇത്തരം നിരവധി പ്രതികരണങ്ങളാണ് ഹീനാഖാന് എക്സില്‍ ലഭിക്കുന്നത്. മൂന്നാംഘട്ട ബ്രെസ്റ്റ് ക്യാന്‍സറിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയയായ നടി ഹീനാഖാന്‍ സുഖപ്പെട്ട് വരികയാണ്. അതിനിടയില്‍ പോലും ബംഗ്ലാദേശില്‍ ക്രൂരമായ പീഢനങ്ങള്‍ക്കും കൊലയ്‌ക്കും വിധേയരാകുന്ന ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണ് ഹീനാഖാന്റെ ശബ്ദം വ്യത്യസ്തമാക്കുന്നത്. ബോളിവുഡില്‍ ഭൂരിഭാഗം നടീനടന്മാരും നിശ്ശബ്ദരായി ഇരിക്കുമ്പോഴാണ് ഹീനാഖാന്‍ ശബ്ദമുയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: