എ.പി.അബ്ദുള്ളക്കുട്ടി
ബിജെപി ദേശീയ ഉപാധ്യക്ഷന്‍
വഖഫ് ബോര്‍ഡ് ഭേദഗതി നിയമം ജെപിസിക്ക് വിട്ടിരിക്കുകയാണല്ലൊ, വളരെ നല്ലത്. സര്‍വകക്ഷി നേതാക്കളുടെ എംപിമാര്‍ ഈ വിഷയം മുടിനാരിഴ കീറി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കരുതാം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് വേണ്ടി മന്ത്രി കിരണ്‍ റിജിജു കൊണ്ടുവന്ന ബില്ല് എത്രയും വേഗം നിയമമായിത്തീരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഒരു വിശ്വാസി അവരുടെ സ്വത്ത് ദൈവത്തിന് സമര്‍പ്പിക്കുന്നതാണ് വഖഫ് ഭൂമി. കുറച്ചുകൂടി ദീനിയായ ഭാഷയില്‍ പറഞ്ഞാല്‍ വഖഫ് അലല്‍ ഔവൂല. ഇതാണ് 1954 നിയമത്തിന്റെ ആത്മാവ്. പക്ഷേ കോണ്‍ഗ്രസിന്റെ മുസ്ലിം പ്രീണന രാഷ്ട്രീയം അപസ്മാരമായി മാറിയ കാലത്ത് 1995 ലെ വഖഫ് നിയമ ഭേദഗതിയിലൂടെ വഖഫ് ബൈ യൂസര്‍ ആയി മാറ്റി. അതോടുകൂടിയാണ് പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത്. വര്‍ഷത്തില്‍ ഒരു ദിവസം ഈദ് ഗാഹ് നമസ്കാരങ്ങള്‍ നടക്കുന്ന പൊതുമൈതാനങ്ങള്‍ പോലും വഖഫ് ഭൂമിയായ മാറിയ സംഭവങ്ങളുമുണ്ട്. 20 കൊല്ലം കൊണ്ട് വഖഫ്ഭൂമി ഇരട്ടിയായി വര്‍ദ്ധിച്ചു. ഇന്ന് 9.4 ലക്ഷം ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന്റെ അധീനതയിലുണ്ട്.
സാക്ഷാല്‍ പടച്ചതമ്പുരാന് പോലും പൊറുക്കാത്ത അനീതിയാണ് വഖഫ് ബോര്‍ഡിലെ ലാന്‍ഡ് മാഫിയ നേതാക്കന്മാര് ചെയ്തിട്ടുള്ളത്. പ്രതിരോധ വകുപ്പിനേക്കാള്‍, റെയില്‍ വകുപ്പിനേക്കാള്‍ വലിയ ഭൂഉടമയാണ് ഇന്ന് വഖഫ് ബോര്‍ഡ്. ഏകദേശം 1.2 ലക്ഷം കോടി രൂപ മൂല്യമുള്ള ഭൂമിയുടെ അവകാശിയായി വഖഫ് ബോര്‍ഡ് മാറിയത് ചെറിയ കാലയളവിലാണ്.
ഒരു ഉദാഹരണം പറയാം. തമിഴ്നാട്ടിലെ തിരുച്ചെന്തൂര്‍ ദേശത്തെ ഒരു കൃഷിക്കാരന് അദ്ദേഹത്തിന്റെ ഒരേക്കര്‍ ഭൂമി വില്ക്കാന് ശ്രമിച്ചു. പക്ഷേ അത് വഖഫ് ഭൂമിയാണെന്ന് അന്വേഷണത്തില്‍ അറിഞ്ഞു. സബ് രജിസ്ട്രാര്‍ പങ്കുവച്ച വിവരം ഞെട്ടിപ്പിക്കുന്നതാണ്. തിരുച്ചെന്തൂര്‍ വില്ലേജിലെ മുഴുവന്‍ ഭൂമിയും വഖഫിന് ഡസിഗ്നേറ്റ് ചെയ്തിരിക്കുന്നു. ഇതുപോലെ തമിഴ്നാട്ടിലെ നിരവധി വില്ലേജുകളില്‍ ഭൂമിയുടെ അവകാശത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇതില്‍ 1500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്ര ഭൂമിയും പെടും. ഇസ്ലാം മതം ഉണ്ടാവുന്നതിനു മുമ്പുള്ള ക്ഷേത്രമാണിതെന്ന് ചരിത്രകാരന്മാര് പറയുന്നു എന്നതാണ് കൗതുകകരം. ഇതെങ്ങനെ സംഭവിക്കുന്നു?
ഇവിടെയാണ് 1995 ലും 2013 ലും വഖഫ് ബോര്‍ഡിനും അതിന്റെ ട്രിബ്യൂണലിനും കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള അമിതാധികാര ഭേദഗതികള്‍ നാം ചര്‍ച്ച ചെയ്യേണ്ടത്. ഈ വിഷയം യുപിഎ ഭരണകാലത്ത് തന്നെ പാര്‍ലമെന്റ് കമ്മിറ്റികളിലും പാര്‍ലമെന്റ് ഡിബേറ്റിലും നിരവധി തവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വഖഫ് നിയമം പരിഷ്കരിക്കണമെന്ന വാദം പല തവണ ഉയര്‍ന്ന് വന്നിട്ടുള്ളതാണ്. പക്ഷേ അതിനുള്ള ധൈര്യം പലര്‍ക്കും ഉണ്ടായില്ല. എന്നാല്‍ ആ ധൈര്യം ഒരാള്ക്കുണ്ടായി, നരേന്ദ്രമോദിക്ക്. കശ്മീരിലെ 370-ാംവകുപ്പ് എടുത്ത് കളഞ്ഞതുപോലെ, മുത്തലാക്ക് നിയമം കൊണ്ടുവന്നതുപോലെ, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയത് പോലെ വഖഫ് ബോര്‍ഡ് ഭേദഗതി നിയമവും കൊണ്ടുവന്നിരിക്കുന്നു. ഇന്ത്യന്‍ വഖഫ് ബോര്‍ഡ് സംരക്ഷിച്ചത് സാധാരണ മുസ്ലിങ്ങളുടെ താല്പര്യം അല്ല. ഒരു സംഘം പ്രമാണിമാരായ ലാന്‍ഡ് മാഫിയയുടേതാണ്. അവര്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വളഞ്ഞ വഴിയില്‍ ഭൂമി വളച്ചുകെട്ടി. ബോര്‍ഡിന്റെ സഹായത്തോടുകൂടി പ്രമാണിമാര്‍ ഈ ഭൂമി കൈയ്യേറി അധീനപ്പെടുത്തി മറിച്ചു വിറ്റ് കോടികള്‍ സമ്പാദിച്ചു. ഒരു ഉദാഹരണം പറയാം. കേരളത്തിലെ ഇ.ടി. മുഹമ്മദ് ബഷീറിനും, കെ.സി. വേണുഗോപാലിനും സുപരിചിതനായിട്ടുള്ള കര്‍ണാടകത്തിലെ പ്രമുഖ മുസ്ലിം നേതാവ് സി.എം. ഇബ്രാഹിം (മുന്‍കേന്ദ്രമന്ത്രി) ബെംഗളൂരു നഗരത്തിലെ നൂറുകണക്കണക്കിന് വഖഫ് ഭൂമി കയ്യേറി അതിനകത്ത് തന്റെ സ്വകാര്യ കോളേജ് സ്ഥാപിച്ചിരിക്കുന്നു. 2012 മുതല്‍ ഈ വിഷയം കോടതിക്ക് മുന്നിലാണ്. പക്ഷേ നിലവിലെ വഖഫ് ബോര്‍ഡ് ട്രിബൂണലിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. അതൊക്കെയാണ് കോണ്‍ഗ്രസ്, വഖഫ് ബോര്‍ഡിന് നല്‍കിയിട്ടുള്ള അമിതാധികാരം. അവിടയാണ് പുതിയ ഭേദഗതി നിയമത്തിന്റെ മര്‍മ്മം കുടികൊള്ളുന്നത്.
മുസ്ലിംലീഗിനെ പോലെ കോണ്‍ഗ്രസും പറയുന്നത്, ഇത് മുസ്ലിങ്ങള്‍ക്കെതിരാണ്, ഭരണഘടനക്കെതിരാണ് എന്നൊക്കെയാണ്. ഇത് പച്ചക്കള്ളമാണ്. പണ്ട് സിഐഎ വന്നപ്പോള്‍ ഇന്ത്യന്‍ മുസ്ലിംങ്ങളെ എല്ലാം പാകിസ്ഥാനിലേക്ക് അയയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞതുപോലെ വ്യാജ പ്രചാരണമാണ്.
നരേന്ദ്രമോദിയുടെ കീഴില്‍ അഴിമതി രഹിത ഹജ്ജ് നയം രൂപീകരിച്ചതുപോലെ അഴിമതിരഹിത വഖഫ് ബോര്‍ഡ്, അതാണ് ഈ ഭേദഗതിയുടെ ഉദ്ദേശം. ആ സത്യം ഇന്നല്ലെങ്കില്‍ നാളെ മുസ്ലിം സമുദായം തിരിച്ചറിയും എന്ന കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: