അദാനിയുടെ വിവിധ കമ്പനികളില്‍ പണം മുടക്കുന്ന ബെര്‍മുഡയിലേയും മൗറീഷ്യസിലെയും കടലാസ് കമ്പനികളില്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയുടെ അധ്യക്ഷ മാധവി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്ന പുതിയ ആരോപണവുമായി അമേരിക്കയിലെ ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ്.
മുന്‍പും അദാനിക്കമ്പനികള്‍ക്കെതിരെ ആരോപണം ഉന്നയിച്ച ഹിന്‍ഡന്‍ബര്‍ഗിന് ആ ആരോപണങ്ങളൊന്നും തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേക്കുറിച്ച് വിശദീകരണം ചോദിച്ച സെബിയ്ക്ക് ഉത്തരം നല്‍കിയില്ലെന്ന് മാത്രമല്ല, ഇതൊന്നും ചോദിക്കാനുള്ള നിയമാധികാരം സെബിക്കില്ലെന്നും ആയിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ ധിക്കാരപൂര്‍വ്വമുള്ള മറുപടി.
അങ്ങിനെയിരിക്കെയാണ് ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രിക്കുന്ന സെബിയുടെ അധ്യക്ഷയ്ക്കും ഭര്‍ത്താവിനും എതിരെ ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ് എത്തിയിരിക്കുന്നത്. സെബി ചീഞ്ഞുനാറുന്നു എന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. പക്ഷെ ഇന്ത്യയിലെ സ്ഥാപനങ്ങളെ വിമര്‍ശിക്കാനുള്ള എന്ത് നിയമാധികാരമാണ് അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗിന് ഉള്ളതെന്ന മറുചോദ്യം ശക്തമായി ഉയരുകയാണ്. ഇന്ത്യയിലെ സംവിധാനം തകര്‍ക്കുക എന്നതാണ് പ്രതിപ്കഷ ലക്ഷ്യം എന്ന രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ഗാന്ധിയും കൂട്ടരും ശ്രമിച്ചിരുന്നു. എതിര് വിധി വരുമ്പോള്‍ സുപ്രീംകോടതിയ്ക്കെതിരെയും പ്രതിപക്ഷം ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. ഇനി സെബിയെയാണോ വിദേശരാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്നതില്‍ പ്രഗല്ഭനായ ജോര്‍ജ്ജ് സോറോസും കൂട്ടരും ലക്ഷ്യമിടുന്നത് എന്ന് തോന്നുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: