India

ഹിന്ദുക്കളുടെ കൂട്ടപ്പലായനം; ധാക്ക തെരുവുകളില്‍ ഹിന്ദുക്കളുടെ പ്രതിഷേധം

Published by

ന്യൂദല്‍ഹി: സര്‍ക്കാര്‍ വിരുദ്ധകലാപത്തിന്റെ മറവില്‍ ഹിന്ദു വംശഹത്യ നടക്കുന്ന ബംഗ്ലാദേശില്‍ കൂട്ടപലായനം. ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളാണ് ഭയാനകമായ പീഡനങ്ങളിലും കൂട്ടക്കൊലയിലും ഭയന്ന് ഭാരതത്തിന്റെ അതിര്‍ത്തിയില്‍ എത്തി തമ്പടിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ അതിര്‍ത്തികളിലെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ട്.

ബംഗാളിലെ കൂച്ച് ബെഹാര്‍ ജില്ലയിലെ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ആയിരത്തിലേറെ പേരെ ബിഎസ്എഫ് തടഞ്ഞു. ആയിരത്തിലേറെ പേരാണ് അഭയം തേടി അതിര്‍ത്തിയിലെത്തിയതെന്നും ഇവരില്‍ അധികവും ഹിന്ദുക്കളാണെന്നും ബിഎസ്എഫ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ബംഗ്ലാദേശിലെ ലാല്‍മോനിര്‍ഹട്ട് ജില്ലയിലെ തടാകത്തിനു സമീപം അതിര്‍ത്തിക്കടുത്താണ് ആളുകള്‍ ഒത്തുകൂടിയത്. അതിര്‍ത്തി പൂര്‍ണമായും അടച്ചിരിക്കുകയാണ്. ബിഎസ്എഫ്, ബോര്‍ഡര്‍ ഗാര്‍ഡ്‌സ് ബംഗ്ലാദേശിനെ(ബിജിബി) വിവരമറിയിക്കുകയും അവര്‍ എത്തി ഇവരെ പിന്തിരിപ്പിച്ച് കൊണ്ടുപോവുകയുമായിരുന്നു. ഭാരതവും ബംഗ്ലാദേശും തമ്മില്‍ 4,096 കിലോ മീറ്റര്‍ അതിര്‍ത്തിയുണ്ട്.

അതിനിടെ വംശഹത്യക്കെതിരെ നൂറു കണക്കിന് ഹിന്ദുക്കള്‍ ധാക്കയിലെ തെരുവുകളില്‍ ഇറങ്ങി പ്രതിഷേധിച്ചു. തങ്ങളെ രക്ഷിക്കണമെന്ന് എഴുതിയ ബാനറുകളും പോസ്റ്ററുകളുമായായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് ഭാരതത്തിലേക്ക് പലായനം ചെയ്തതിന് പിന്നാലെ ഇസ്ലാമിക ഭീകരരും മതമൗലിക വാദികളും ചേര്‍ന്ന് രാജ്യമാകെ അഴിഞ്ഞാടുകയാണ്. ഇത് ഇപ്പോഴും തുടരുന്നുമുണ്ട്. ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുകയും കത്തിക്കുകയും ചെയ്ത അവര്‍ അനവധി ഹിന്ദുക്കളെയാണ് കൂട്ടത്തോടെ കശാപ്പ് ചെയ്യുന്നത്. സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നുമുണ്ട്. പ്രമുഖ ഗായകന്‍ രാഹുല്‍ ആനന്ദിന്റെ വീട് ഭീകരര്‍ തകര്‍ത്ത് കൊള്ളയടിച്ചു. ആ സമയത്ത് രാഹുലും ബന്ധുക്കളും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ അവര്‍ രക്ഷപ്പെട്ടു. സ്വാതന്ത്ര്യം ലഭിക്കുന്ന 1971ല്‍ 42 ശതമാനം ഹിന്ദുക്കളണ്ടായിരുന്ന അവിടെ ഇന്ന് എട്ടു ശതമാനം ഹിന്ദുക്കള്‍ മാത്രമാണുള്ളത്.

ഹസീനയുടെ അവാമി ലീഗാണ് മതേതര പാര്‍ട്ടി. അവരെയാണ് ഹിന്ദുക്കളില്‍ ഭൂരിഭാഗവും പിന്തുണയ്‌ക്കുന്നത്. ഖാലിദാ സിയയുടെ ബംഗ്ലാദേശി നാഷണലിസ്റ്റ് പാര്‍ട്ടിക്കൊപ്പമാണ് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലിക വാദികള്‍. അതിനിടെ നൊബേല്‍ പുരസ്‌കാര ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ കാവല്‍ സര്‍ക്കാര്‍ വന്നിട്ടും ഹിന്ദു വംശഹത്യക്ക് കാര്യമായ കുറവ് വന്നിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക