രാഷ്ട്രീയ സ്വയംസേവകസംഘം ഇപ്പോള്‍ സര്‍വതന്ത്ര സ്വതന്ത്രരരാണ്. ഏറ്റവും ഒടുവിലാണ് കേന്ദ്രര്‍ക്കാരിന്റെ ഒരു നിരോധനവും കൂടി ഇല്ലാതായത്. അതുണ്ടെന്ന് കരുതി ആര്‍എസ്എസിന്റെ ഒരു പ്രവര്‍ത്തനവും തടയപ്പെട്ടിരുന്നില്ല. രാഷ്ട്രചേതനയുടെ പ്രവാഹം ശക്തമായി മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് ഇനി ചെയ്യാനുള്ളത്. രാഷ്ട്രശക്തിയുടെ അക്ഷയ സ്രോതസ്സ് ദൈനംദിനശാഖയാണ്. അതിന്മേല് തടയിടാനാണ് കേന്ദ്ര നിരോധനമുള്ളപ്പോഴും വ്യത്യസ്ത കാരണങ്ങള്‍ നിരത്തി മൂന്നുതവണ സംഘത്തെ നിരോധിച്ചത്. മൂന്നുനിരോധനവും ആദരപൂര്‍വമാണ് നീക്കിയത്. പരസ്പര സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ പവിത്രാനുഭൂതിയില്‍ നിന്നുമാത്രം ലഭിക്കുന്ന അജയ്യശക്തിയെ തല്ലിക്കെടുത്തുക. അതുമാത്രമായിരുന്നു കോണ്‍ഗ്രസിന്റെ ദുഷ്ടബുദ്ധിയിലുദിച്ചത്. സംഘത്തിന്റെ സ്ഥാപനദിനം മുതല്ക്കേ അധികാരികളുടെ മനസ്സില്‍ പേടി ഉദിച്ചിരുന്നു. തുടര്‍ന്നാണ് 1936 ല്‍ ബ്രിട്ടീഷുകാരുടെ നിരോധനം. അതുവന്നപോലെ പോയി. അതിനുശേഷം 1948 ലും 1975 ലും 1992 ലും നിരോധനം വന്നു. അതിനെയെല്ലാം വിജയപൂര്‍വം തരണം ചെയ്യാനും രാജ്യ വ്യാപകമായി വളര്‍ന്ന് വികസിക്കാനും സാധിച്ചു. ദേശദേശാന്തരങ്ങളില്‍ പോലും ഇന്ന് ഹിന്ദുവിന്റെ സന്ദേശമെത്തിക്കാനും നൂറാം വാര്‍ഷികമാഘോഷിക്കാനും സംഘമൊരുങ്ങുന്നു. അന്നേരമാണ് ഓരോരോ കൂട്ടര് ആര്‍എസ്എസിനെ അങ്ങ് വിഴുങ്ങുമെന്ന് വീമ്പടിക്കുന്നത്. ഏത് ഗോവിന്ദന് പറഞ്ഞാലും അതൊന്നും നടക്കില്ല ശിവനേ.
ഹിന്ദുത്വത്തെ മതമൗലികവാദമായി ചിത്രീകരിക്കുകയും മുസ്ലീം വര്‍ഗീയതയുടെയും ഭീകരവാദപ്രവര്‍ത്തനങ്ങളുടെയും വളര്‍ച്ചയ്ക്ക് അതാണ് കാരണമെന്ന് വാദിക്കുന്നവരുമുണ്ട്. അവര്‍ കഥയറിയാതെ ആട്ടംകാണുകയാണ്. ഇസ്ലാമിനെയോ ക്രിസ്ത്യാനിയെയോ പോലെ ഹിന്ദുമതമെന്നൊന്നില്ല. മതങ്ങളുടെ മതനിഷേധത്തെപോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലവും സര്‍വാശ്ലേഷിയുമായ ഒരു ജീവിത ദര്‍ശനമാണത്. ശൈവനും വൈഷ്ണവനും ദൈ്വതനും അദൈ്വതനും ഭാരതത്തിലെ മുസ്ലീമും ക്രിസ്ത്യാനിയുമെല്ലാം വിശാലാര്‍ഥത്തില്‍ ഹിന്ദുക്കള്‍ തന്നെയാണ്. മൗലികവാദം ഹിന്ദുത്വത്തിന് അന്യമാണ്. മാറ്റങ്ങളെ അംഗീകരിക്കാത്ത സ്വഭാവം ഹിന്ദുവിനില്ല. ഒരു പുസ്തകത്തെയും ഒരു പ്രവാചകനേയും ഒരുപാസനാ രീതിയേയും നീക്കുപോക്കില്ലാത്ത ശാശ്വത സത്യമായും അന്തിമവിധിയായും അംഗീകരിക്കുന്നു. സത്യത്തിന്റെ അനന്ത ഭാവങ്ങളെ അംഗീകരിക്കാത്ത, അശാസ്ത്രീയവും സങ്കുചിതവുമായ ഈ സമീപനം ഹിന്ദുത്ത്വത്തിനെതിരാണ്. മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും കാലാകാലങ്ങളില്‍ പരിവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യാനും വേദങ്ങള്‍ക്കപ്പുറത്തേക്ക് കടന്നുപോകണമെന്ന് പഠിപ്പിക്കാനും ഹിന്ദുത്വം ഒരുകാലത്തും മടികാണിച്ചിട്ടില്ല. ഗംഗാപ്രവാഹംപോലെ ചലനാത്മകവും വിശാലവും സമുദ്രംപോലെ അഗാധവുമായ ഹിന്ദുത്വത്തെ ഇടുങ്ങിയ മതമൗലികവാദമായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടാണ്. ആ അജ്ഞതയ്ക്ക് അല്പായുസ്സാണ്. അത് കേന്ദ്രഭരണകൂടത്തിനും ബോധ്യമായി. അതുകൊണ്ടു തന്നെയാണ് 1966 ല്‍ കൊണ്ടുവന്ന നിരോധനവും നീക്കപ്പെട്ടത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോള്‍ നീക്കിയത്. തെറ്റ് തിരുത്താന്‍ ഏകദേശം അഞ്ചു പതിറ്റാണ്ട് വേണ്ടിവന്നതില്‍ ഖേദം പ്രകടിപ്പിച്ചത് മധ്യപ്രദേശ് ഹൈക്കോടതിയാണ്. ആര്‍എസ്എസ് പോലെ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ ഒരു സംഘടനയെ രാജ്യത്തെ നിരോധിത സംഘടനകളുടെ കൂട്ടത്തില്‍ തെറ്റായി ഉള്‍പ്പെടുത്തിയത് നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു.
രാജ്യത്തെ പലതരത്തില്‍ സേവിക്കണമെന്നുള്ള നിരവധി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ആഗ്രഹം ഈ അഞ്ച് പതിറ്റാണ്ടിനുള്ളില്‍ നിരോധനം കാരണം കുറഞ്ഞു. വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര പഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും വെബ്സൈറ്റിന്റെ ഹോം പേജില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആര്‍എസ്എസ് വിവിധ മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ സേവാഭാരതി, സരസ്വതി ശിശുമന്ദിര്‍ എന്നിവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഏതെങ്കിലും പഠനത്തിന്റെയോ സര്‍വേയുടെയോ റിപ്പോര്‍ട്ടിന്റെയോ അടിസ്ഥാനത്തിലായിരിക്കില്ല ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെ വിലക്കിയതെന്നും ഉത്തരവിലുണ്ട്. ഏതെങ്കിലും സംഘടനയെ ജീവനക്കാര്‍ക്ക് വിലക്കുള്ള പ്രസ്ഥാനമായി വിജ്ഞാപനം ചെയ്യണമെങ്കില്‍ വ്യക്തമായ കാരണം കാണിക്കണം. ഭരണത്തില്‍ ഇരിക്കുന്നവരുടെ വ്യക്തിഗത അഭിപ്രായങ്ങളാവരുത് അതിന് കാരണമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിരുന്ന വിലക്കിനെതിരെ റിട്ട. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന് നല്കിയ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു കോടതി. കോടതി വിലക്കിന് വിശദീകരണം തേടി കേന്ദ്രത്തിന് നോട്ടീസ് നല്കി. മെയ് 22 ന് ഓണ്‍ലൈനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്കാന് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. വിലക്ക് നീക്കിയതായി അറിയിച്ച് ജൂലൈ 10 ന് കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് കോടതി കേസ് തീര്‍പ്പാക്കിയത്. 1966 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നത് വിലക്കി ഉത്തരവിറക്കിയത്. 1970 ലും 1980 ലും ഈ ഉത്തരവ് പരിഷ്കരിച്ചു. ഈ വിലക്കാണ് ജൂലൈ 9 ന് കേന്ദ്ര പേഴ്സണല്‍, പബ്ലിക് ഗ്രിവന്സസ് ആന്‍ഡ് പെന്ഷന് മന്ത്രാലയത്തിന് കീഴിലെ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് പുതിയ ഉത്തരവിലൂടെ നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: