ചെങ്ങന്നൂര്‍: അങ്കമാലി- ശബരി റെയില്‍വെക്കു വേണ്ടി നിലപാട് സ്വീകരിച്ച് ബജറ്റിന് മുമ്പെ കേന്ദ്രത്തിന് കത്തെഴുതിയ സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. റെയില്‍വെയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹ്മാനാണ് ചെങ്ങന്നൂര്‍- പമ്പ പദ്ധതി റെയില്‍വെയ്ക്ക് നഷ്ടമുണ്ടാക്കുമെന്ന് കത്തെഴുതിയത്.
മൂന്നാര്‍, തേക്കടി, പീരുമേട്, ദേവികുളം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനും ഇടുക്കി ജില്ലയ്ക്ക് റെയില്‍വെ കണക്ടിവിറ്റി സജീവമാക്കാനും കഴിയുമെന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ വാദം. എന്നാല്‍ സിപിഎമ്മിനും എല്‍ഡിഎഫിനും സ്വാധീനമുള്ള മേഖലയിലെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മന്ത്രിയുടെ ഇടപെടലിന് പിന്നിലെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നു.
വനംവകുപ്പിന്റെ ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് പമ്പ പാതയ്ക്ക് സര്‍ക്കാര്‍ തടസം പറഞ്ഞത്. ശബരിപാതയ്ക്ക് അടയാളപ്പെടുത്തിയ ഭൂമി കൈമാറ്റമോ മറ്റ് ഇടപാടുകളോ നടത്താനാകാത്തവരുടെ സാഹചര്യവും കത്തില്‍ വിശദീകരിച്ചു. പാതയ്ക്ക് അങ്കമാലി മുതല്‍ രാമപുരം വരെ 70 കിലോമീറ്റര്‍ ഭാഗത്തെ ഭൂമി ഏറ്റെടുത്തതായി അവകാശപ്പെടുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ 250 കോടി ചെലവാക്കിയെന്നും പറയുന്നു.
കേരളാ റെയില്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് തയാറാക്കിയ അങ്കമാലി- ശബരി റയില്‍വേ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 3726.95 കോടിയാണ്. കഴിഞ്ഞ ഡിസംബറില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിന് പുതുക്കിയ എസ്റ്റിമേറ്റും പദ്ധതിയുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ പങ്കിടണമെന്ന നിര്‍ദേശവും കൈമാറിയതാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ നിലപാട് അറിയിച്ചില്ല.
കേരളത്തില്‍ റെയില്‍വേ വികസനത്തിന് വേണ്ട 459.54 ഹെക്ടര്‍ ഭൂമിയില്‍ 62.83 ഹെക്ടര്‍മാത്രമാണ് ഇതുവരെ സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനായത്. സ്ഥലം ഏറ്റെടുക്കലിന് വേണ്ടി റെയില്‍വേ 2125.61 കോടിയാണ് ചെലവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: