പാലക്കാട്: ശബരിമലയില്‍ നിറപുത്തരിക്കായി നെല്ലൊരുക്കി എലപ്പുള്ളിയിലെ യുവ കര്ഷകന്. കാരാങ്കോട് പാടശേഖരത്തിലെ കിരണ്‍ കൃഷ്ണനാണ് തന്റെ പാടത്ത് അയ്യപ്പസ്വാമിയുടെ നിറപുത്തരിക്ക് നെല്ല് ഒരുക്കുന്നത്. ഇതിനായി കഴിഞ്ഞ വിഷുദിനത്തിലാണ് ആചാരാനുഷ്ഠാനങ്ങളോടെ കിരണ്‍ ഉമ ഇനം നെല്‍വിത്ത് വിതച്ചത്.
ഗുരുവായൂരിലെ നിറപുത്തരിക്കുള്ള നെല്ലും കിരണ്‍ തയാറാക്കുന്നുണ്ട്. കൃഷിയിലെ നൂതനരീതികള്‍ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇസ്രായേലിലേക്ക് അയച്ച കര്‍ഷകരില്‍ ഒരാളായ കിരണ്‍ എംടെക് ബിരുദധാരിയാണ്. ദേവസ്വം ബോര്‍ഡിന്റെയും അയ്യപ്പസേവാ സംഘത്തിന്റെയും പിന്തുണയോടെയാണ് കിരണ്‍ നിറപുത്തരിക്കായുള്ള നെല്ല് ഒരുക്കുന്നത്.
തുള്ളിനനയും ടെറസില്‍ തിരിനനയും ഉപയോഗിച്ചു കൃഷി ചെയ്യുന്ന കിരണിന് എലപ്പുള്ളി കൃഷി ഓഫീസര്‍ ബി.എസ്. വിനോദ്കുമാറിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഇരുക്ഷേത്രങ്ങളിലേക്കും നിറപുത്തരിക്ക് കതിരുകള്‍ കൊണ്ടുപോകുന്നതില്‍ അഭിമാനമുണ്ടെന്ന് കിരണ്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ ഇന്ന് നടക്കുന്ന കൊയ്ത്തുത്സവത്തിനു ശേഷം അയ്യപ്പസേവാസംഘത്തോടൊപ്പം ഇന്ന് വൈകിട്ട് നെല്‍ക്കതിരുകള്‍ ശബരിമലയ്ക്കു കൊണ്ടുപോകും. പുതിയ നെല്ക്കതിര് കറ്റ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: 9809799018 (കിരണ്‍ എലപ്പുള്ളി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: