പാരീസ്: ഒളിംപിക്സ് മെഡല്‍ വേട്ടയില്‍ ചൈനയും അമേരിക്കയും ഒപ്പത്തിനൊപ്പം. കൂടുതല്‍ മെഡലുകള്‍ അമേരിക്കയ്ക്കാണെങ്കിലും സ്വര്‍ണത്തിന്റെ എണ്ണത്തില്‍ ചൈനയ്ക്ക് ഒരെണ്ണം കൂടുതലുണ്ട്. നിലവില്‍ നിര്‍ണയിക്കപ്പെട്ട 226 സ്വര്‍ണത്തില്‍ ചൈന 28 സ്വര്‍ണം നേടിയപ്പോള്‍ അമേരിക്ക സ്വന്തമാക്കിയത് 27 എണ്ണം. എന്നാല്‍ വെള്ളിയും വെങ്കലവും കൂടുതല്‍ അമേരിക്കയ്ക്കാണ്. അമേരിക്ക 35 വെള്ളിയും 33 വെങ്കലവും സ്വന്തമാക്കിയപ്പോള്‍ ചൈനയുടെ അക്കൗണ്ടിലുള്ളത് 25 വെള്ളിയും 17 വെങ്കലും. 18 സ്വര്‍ണവും 14 വെള്ളിയും 11 വെങ്കലവുമടക്കം 43 മെഡലുകളുമായി ഓസ്ട്രേലിയയാണ് മെഡല്‍ നേട്ടത്തില്‍ മൂന്നാമത്.
ആതിഥേയരായ ഫ്രാന്‍സ് നാലാമതാണ്. 13 സ്വര്‍ണവും 17 വെള്ളിയും 21 വെങ്കലവുമടക്കം 51 മെഡലുകള്‍. 12 സ്വര്‍ണവും 17 വെള്ളിയും 20 വെങ്കലവുമടക്കം 49 മെഡലുകളുമായി ബ്രിട്ടണ് അഞ്ചാം സ്ഥാനത്തും 12 സ്വര്‍ണവും 8 വെള്ളിയും 7 വെങ്കലവുമടക്കം 27 മെഡലുകളുമായി ദക്ഷിണ കൊറിയ ആറാം സ്ഥാനത്തുമാണ്. 12 സ്വര്‍ണവും 7 വെള്ളിയും 13 വെങ്കലവുമടക്കം 32 മെഡലുകളുമായി ജപ്പാനാണ് ഏഴാമത്.
ബുധനാഴ്ച അര്‍ധരാത്രി നടന്ന പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ ജമൈക്കയ്ക്ക് സ്വര്‍ണം. അവരുടെ റോജെ സ്റ്റോണ ഒളിംപിക്സ് റിക്കോര്‍ഡോടെ സ്വര്‍ണം നേടി. ത്രോയിനത്തില് ജമൈക്കയുടെ ആദ്യ സ്വര്‍ണമാണിത്. 70 മീറ്റര്‍ ദൂരത്തേക്ക് ഡിസ്ക് എറിഞ്ഞാണ് റോജെ സ്റ്റോണ്‍ രാജ്യത്തേക്ക് ആദ്യ ത്രോ സ്വര്‍ണം എത്തിച്ചത്. ലിത്വാനിയയുടെ മിക്കലോസ് അലേക്നയുടെ പേരിലുള്ള 69.97 മീറ്ററിന്റെ റിക്കോര്‍ഡാണ് റോജെയുടെ കൈക്കരുത്തില്‍ പഴങ്കഥയായത്. മിക്കലോസ് അലേക്ന ഇത്തവണത്തെ ഫൈനലില്‍ തന്റെ രണ്ടാം എറിലാണ് റിക്കോര്‍ഡ് സ്ഥാപിച്ചത്. അലേക്ന തകര്‍ത്തത് സ്വന്തം പിതാവ് വിര്ജീലസ് അലേക്ന 2004-ല്‍ ഏഥന്‍സില്‍ സ്ഥാപിച്ച 69.89 മീറ്ററിന്റെ റിക്കോര്‍ഡും. മിക്കലോസിനാണ് ഇത്തവണ വെള്ളി. ഓസ്ട്രേലിയയുടെ മാത്യു ഡെന്നി 69.31 മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.
പുരുഷന്മാരുടെ 400 മീറ്ററില്‍ അമേരിക്കയുടെ ക്വിന്‍സി ഹാള്‍ 43.40 സെക്കന്‍ഡല്‍ സ്വര്‍ണവും ബ്രിട്ടന്റെ മാത്യു ഹഡ്സണ്‍ സ്മിത്ത് 43.44 സെക്കന്‍ഡില്‍ വെള്ളിയും സാംബിയയുടെ മുസാല 43.74 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
വനിതാ പോള്‍വോള്‍ട്ടില്‍ ഓസ്ട്രേലിയയുടെ നിന കെന്നെഡി 4.90 മീറ്റര്‍ താണ്ടി സ്വര്‍ണവും അമേരിക്കയുടെ കാറ്റി മൂണ്‍ 4.85 മീറ്റര്‍ ചാടി വെള്ളിയും കാനഡയുടെ അലിഷ ന്യുമാന് 4.85 മീറ്റര്‍ ചാടി വെങ്കലവും സ്വ്ന്തമാക്കി.
മെഡല്‍ പട്ടിക
രാജ്യം സ്വര്‍ണം-വെള്ളി-വെങ്കലം-ആകെ ക്രമത്തില്‍
ചൈന 28-25-17-70
അമേരിക്ക 27-35-33-95
ഓസ്ട്രേലിയ 18-14-11-43
ഫ്രാന്‍സ് 13-18-21-52
ബ്രിട്ടന് 13-17-20-50
ഭാരതം 0-0-4-4
പ്രതികരിക്കാൻ ഇവിടെ എഴുതുക: