തിരുവനന്തപുരം:വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവർക്കായി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെയും മകൻ രാം ചരണിന്റെയും കൈത്താങ്. ഇരുവരും ചേര്‍ന്ന് നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വെച്ച് ചിരഞ്ജീവി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്.
വയനാട്ടിലേത് ഹൃദയഭേദകമായ കാഴ്ചയാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം ചിരഞ്ജീവി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ദേശീയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ചിരഞ്ജീവി പറഞ്ഞു.
ഒട്ടനവധി സിനിമാ താരങ്ങളാണ് ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കഴിഞ്ഞത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നല്‍കുമെന്നാണ് തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ് അറിയിച്ചത്. ഈ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഒട്ടനവധി മലയാളികളാണ് പ്രിയ താരത്തിന് നന്ദി അറിയിച്ച് കൊണ്ട് രംഗത്തെത്തിയത്. നേരത്തെ പ്രളയ വേളയില്‍ ഒരു കോടി രൂപ പ്രഭാസ് കേരളത്തിന് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: