ദുബായ് : ഷാർജ ബീച്ച് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഓഗസ്റ്റ് 15-ന് ആരംഭിക്കും. ഷാർജ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. അൽ ഹീറ ബീച്ചിൽ വെച്ച് ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഷാർജ ബീച്ച് ഫെസ്റ്റിവൽ നടക്കുന്നത്.
ദിനവും വൈകീട്ട് 4 മുതൽ രാത്രി 10 വരെയാണ് ഈ പരിപാടി. ഒരു മാസം നീണ്ട് നിൽക്കുന്ന ഷാർജ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി കായിക, വിനോദ പരിപാടികൾ അരങ്ങേറുന്നതാണ്.
പാഡിൽബോർഡിംഗ്, ബീച്ച് വോളിബോൾ, സോക്കർ തുടങ്ങിയ ജല കായിക വിനോദങ്ങൾ വാഗ്ദാനം ചെയ്യുന്ന വാട്ടർ ആൻഡ് ബീച്ച് സ്‌പോർട്‌സ് സോൺ, യോഗ, എയ്‌റോബിക്‌സ്, സുംബ, സൂര്യാസ്തമയ ധ്യാന ക്ലാസുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഹെൽത്ത് ആൻഡ് വെൽനസ് സോൺ, മ്യൂസിക്കൽ ഷോകൾ, ഔട്ട്ഡോർ ബീച്ച് സിനിമ, വായന സെഷനുകൾ, പപ്പറ്റ് ഷോകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഇതിനു പുറമേ കുട്ടികൾക്കും കൗമാരക്കാർക്കും മുതിർന്നവർക്കും വേണ്ടിയുള്ള ഗെയിമുകൾ വർക്ക്ഷോപ്പുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള എൻ്റർടൈൻമെൻ്റ് സോൺ എന്നിങ്ങനെ വിവിധ മേഖലകളാക്കി തിരിച്ചാണ് ഷാർജ ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അന്തർദേശീയവും പ്രാദേശികവുമായ വിഭവങ്ങൾ വിളമ്പുന്ന നിരവധി റെസ്റ്റോറൻ്റുകളും കഫേകളും ഈ മേളയിൽ ഉണ്ടായിരിക്കുന്നതാണ്.
ഇതിന് പുറമെ, സന്ദർശകർക്ക് സവിശേഷമായ സാംസ്കാരികവും വാണിജ്യപരവുമായ അനുഭവം ആസ്വദിക്കാനാകുന്ന ഒരു പരമ്പരാഗത കരകൗശല വിപണിയും ഇതിൽ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: