ന്യൂദല്‍ഹി: സാമൂഹ്യ- സാമ്പത്തിക പിന്നാക്കാവസ്ഥയുടെയും സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യക്കുറവിന്റെയും അടിസ്ഥാനത്തില്‍ പട്ടികജാതി വിഭാഗത്തിലെ ജാതികളെ ഉപവിഭാഗങ്ങളായി തരംതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്കി സുപ്രീംകോടതിയുടെ നിര്‍ണായക വിധി. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കണമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. കോടതിവിധിയില്‍ ഉപവര്‍ഗീകരണം നടത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കായതിനാല്‍ തന്നെ വലിയ പ്രശ്നമായി വിഷയം വരുംനാളുകളില്‍ മാറാനാണ് സാധ്യത.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. പട്ടികജാതികള്‍ ഏതെന്ന് നിശ്ചയിക്കേണ്ടത് ഭരണഘടനയുടെ 341 ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണെന്നും ഉപവര്‍ഗീകരണം സാധ്യമല്ലെന്നുമുള്ള 2004ലെ വിധിയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളിക്കളഞ്ഞത്. ശാസ്ത്രീയമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഉപവിഭാഗങ്ങളുടെ സംവരണ പ്രാതിനിധ്യത്തിലെ കുറവ് സര്‍ക്കാരിന് തിരിച്ചറിയാന്‍ കഴിയണമെന്ന് ഭരണഘടനാ ബെഞ്ച് വിശദീകരിച്ചു. ഇത്തരത്തില്‍ ഉപവര്‍ഗീകരണം നടത്തുന്നത് രാഷ്ട്രീയ താല്പര്യത്താല് ആവരുതെന്നും ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ പട്ടികജാതി വിഭാഗങ്ങള്‍ക്കാണ് സംവരണം നല്‍കേണ്ടതെന്ന അധികാരം രാഷ്ട്രീയനേട്ടങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ പുനര്‍നിശ്ചയിക്കുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്ക വിധിയോടെ ശക്തമായിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചാലും അന്തിമ തീരുമാനം കോടതിയെടുക്കുമെന്നും ഭരണഘടനാ ബെഞ്ച് വിശദീകരിക്കുന്നു. ഭരണഘടനയില്‍ രാഷ്ട്രപതിയില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അധികാരത്തിന്മേല് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ബി.ആര്. ഗവായ്, വിക്രംനാഥ്, പങ്കജ് മിത്തല്‍, സതീഷ് ചന്ദ്രശര്‍മ, മനോജ് മിശ്ര, ബേല എം. ത്രിവേദി എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നത്. ഇതില്‍ ജസ്റ്റിസ് ബേല ത്രിവേദി ഭിന്നവിധിയെഴുതി. ഇ.വി. ചിന്നയ്യ കേസിലെ 2004ലെ വിധിയാണ് ഭരണഘടനാ പ്രകാരം ശരിയെന്നാണ് ജസ്റ്റിസ് ബേലയുടെ വിധി. പട്ടികജാതി വിഭാഗത്തിലെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥന്റെ മക്കള്‍ക്കും പാവപ്പെട്ട പട്ടികജാതിക്കാരനായ വ്യക്തിയുടെ മക്കള്‍ക്കും തുല്യത നല്‍കാനാവില്ലെന്നാണ് ജസ്റ്റിസ് ബി.ആര്. ഗവായ് എഴുതിയ വിധിയില്‍ വിശദീകരിക്കുന്നത്. ഭരണഘടനാ ബെഞ്ചിലെ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഏക ജഡ്ജും ജസ്റ്റിസ് ഗവായ് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: