മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനത്തിന് മുകളില്‍ ഏകദേശം 7.5 ശതമാനം രേഖപ്പെടുത്തുമെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍സിഎഈആര്‍) ഡയറക്ടര്‍ ജനറല്‍ കൂടിയായ സാമ്പത്തിക വിദഗ്ധ പൂനം ഗുപ്ത. എന്‍സിഎഈആറിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയ്‌ക്ക് മികച്ച സാമ്പത്തിക വളര്‍ച്ച നിര്‍ദേശിക്കുന്നത്.
മികച്ച മണ്‍സൂണ്‍, ബാങ്ക് വായ്പാ വളര്‍ച്ച, സേവനരംഗത്തും ഉല്‍പാദനരംഗത്തുമം ഉള്ള പിഎംഐ സൂചികയിലെ വികാസം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ കണക്കിലെടുത്താണ് ശോഭനമായ ഒരു സാമ്പത്തിക വളര്‍ച്ച ഇന്ത്യ നടപ്പുസാമ്പത്തിക വര്‍ഷം നേടുമെന്ന് പ്രവചിക്കുന്നത്. ആഗോള തലത്തില്‍ യുദ്ധം, നാണയപ്പെരുപ്പം തുടങ്ങി പലവിധ വിപരീത സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ കൂടിയാണ് ഇന്ത്യയ്‌ക്ക് ഇത്രയും മികച്ച വളര്‍ച്ചാനിരക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ എന്‍സിഎഈആര്‍ പ്രവചിക്കുന്നത്.
സേവനമേഖലയിലെയും ഉല്‍പാദനമേഖലയിലെയും പിഎംഐ സൂചികയില്‍ വികാസം ഉണ്ടാകുമെന്ന് എന്‍സിഎഈആര്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. 2024 ജൂണിലെ സംയോജിത പിഎംഐ 60.9 ആണ് രേഖപ്പെടുത്തിയത്. ഇത് മുന്‍ മാസങ്ങളില്‍ നിന്നുള്ള വളര്‍ച്ചയാണ്. ഉല്‍പാദന-സേവന രംഗങ്ങളിലെ സാമ്പത്തിക പ്രവണതകളുടെ ദിശ നോക്കി വിപണി വികസിക്കുകയാണോ ചുരുങ്ങുകയാണോ എന്ന് പ്രവചിക്കുന്ന സൂചികയാണ് പിഎംഐ (പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ-Purchasing Managers Index) . നിലവിലുള്ളതും വരാനിരിക്കുന്നതുമായ വ്യവസായത്തിന്റെ പോക്കിനെക്കുറിച്ച് കമ്പനികാര്യങ്ങളില്‍ തീരുമാനമെടുക്കുന്നവര്‍ക്കും വ്യവസായരംഗം വിശകലനം ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും കൃത്യമായി സൂചന നല്‍കുന്ന ഒന്നാണ് പിഎംഐ സൂചിക.
വളരുന്ന സമ്പദ്ഘടനയുടെ ഏറ്റവും വലിയ ലക്ഷ്ണമാണ് ബാങ്ക് വായ്പയിലെ വളര്‍ച്ച. സമ്പദ് ഘടന വികസിക്കുമ്പോള്‍ വ്യക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും നിക്ഷേപത്തിനും വളര്‍ച്ചയ്‌ക്കും കൂടുതല്‍ പണം ആവശ്യമായിവരും. അപ്പോള്‍ അവര്‍ ബാങ്കുകളെ ആശ്രയിക്കും. ഇപ്പോള്‍ ഷെഡ്യൂള്‍സ് വാണിജ്യ ബാങ്കുകള്‍ നല്‍കിയ നിലനില്‍ക്കുന്ന വായ്പ 21 ശതമാനമാണ്. ഇതില്‍ വ്യക്തിഗത വായ്പകളിലെ വളര്‍ച്ച 29 ശതമാനമാണെങ്കില്‍ കാര്‍ഷിക വായ്പ 22 ശതമാനമാണ്.
ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ജൂലായ് 12ന്റെ കണക്കനുസരിച്ച് 66690 കോടി ഡോളറില്‍ എത്തിനില്‍ക്കുകയാണ്. അടുത്ത 11 മാസത്തെ ഇറക്കുമതിക്ക് പിന്തുണ നല്‍കാന്‍ ഈ വമ്പന്‍ വിദേശനാണ്യശേഖരത്തിനാകും.
“ഇന്ത്യയുടെ സാമ്പത്തിക ഏകീകരണം, സാമ്പത്തിക വിവേകം, ഗുണനിലവാരം എന്നിവയോടുള്ള ഇളകാത്ത പ്രതിബദ്ധത എന്നിവ 2024-25ലേക്ക് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഉണ്ട്. സാമ്പത്തിക വിവേകം കാണിക്കുമ്പോള്‍ തന്നെ പുതിയ പദ്ധതികള്‍ക്ക് പണം മുടക്കാനും 2024-25 ബജറ്റ് തയ്യാറാവുന്നു. സാധാരണ ജിഡിപി വളര്‍ച്ച 2024-25 കാലത്ത് 10.5 ശതമാനം എന്ന് ലക്ഷ്യമാക്കുമ്പോള്‍ തന്നെ ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപിയെ അപേക്ഷിച്ചുള്ള ധനകമ്മി 4.9 ശതമാനമാണ്. “- പൂനം ഗുപ്ത പറയുന്നു.
“ഇന്ത്യയുടെ സാമ്പത്തിക ഏകീകരണം ശക്തമാണെന്നതിന്റെ സൂചനയാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ജിഡിപിയെ അപേക്ഷിച്ചുള്ള ധനകമ്മി 6.4 ശതമാനത്തില്‍ നിന്നും 2023-24ല്‍ 5.6 ശതമാനത്തിലേക്ക് താഴ്ന്നത്.”- പൂനം ഗുപ്ത ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: