മുംബൈ: ലോക്കല് ട്രെയിനില് അപകടകരമാംവിധം അഭ്യാസപ്രകടനം നടത്തി വൈറലായ യുവാവിനെ കണ്ടെത്തി കേസെടുക്കാനായി ചെന്ന റെയില്വേ പ്രൊട്ടക്ഷന് ഫോഴ്സ് ഉദ്യോഗസ്ഥര്ക്ക് ഒടുവില് അയാളുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി മറ്റൊരു വീഡിയോ എടുക്കേണ്ടിവന്നു.
വൈറലായ വീഡിയോയ്ക്ക് ശേഷം അത്തരം മറ്റൊന്ന് എടുക്കാനുള്ള ശ്രമത്തില് ഒരു കാലും കൈയും നഷ്ടപ്പെട്ട് ശോച്യാവസ്ഥയിലായിരുന്നു ഫര്ഹത്ത് അസം ഷെയ്ഖ് എന്ന യുവാവ്. ആദ്യ ക്ലിപ്പ് കഴിഞ്ഞയാഴ്ച സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിച്ചിരുന്നു,
‘അവനെ കണ്ടെത്തിയപ്പോള്, ഏപ്രില് 14 ന് മസ്ജിദ് സ്റ്റേഷനില് നടത്തിയ അഭ്യാസപ്രകടനത്തില് ഒരു കാലും കൈയും നഷ്ടപ്പെട്ടു കിടക്കുന്നതു കണ്ട് ഞങ്ങള് ഞെട്ടിപ്പോയി.’ ഒരു ആര്.പി. എഫ് ഉദ്യോഗസ്ഥന് പിടിഐയോട് പറഞ്ഞു.
സാഹസികമായ ആദ്യ വീഡിയോ വൈറലായതോടെ യുവാവിനെതിരെ ആര്പിഎഫിന്റെ വഡാല യൂണിറ്റ് കേസെടുത്തിരുന്നു. ഇയാളെ ജയിലിലടക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് വീഡിയോ സോഷ്യല് മീഡിയയില് പങ്കുവയ്ക്കുകയും ചെയ്തു. ഒടുവില് ഏതാനും ദിവസങ്ങള്ക്ക് ശേഷം സെന്ട്രല് മുംബൈയിലെ ആന്റോപ് ഹില്ലിലെ വീട്ടില് യുവാവിനെ കണ്ടെത്തി. പോലീസ് പറയുന്നതനുസരിച്ച്, ഷെയ്ഖ് ഇപ്പോള് ദൈനംദിന ജോലികള് ചെയ്യുന്നതിനു പോലും അങ്ങേയറ്റം ബുദ്ധിമുട്ടുകയാണ്. ഇതുള്പ്പെടുത്തി ഒരു പുതിയ വീഡിയോ സന്ദേശം തയ്യാറാക്കിയിരിക്കുകയാണ് ഇപ്പോള് റെയില്വേ പൊലീസ്. അത്തരം പ്രവൃത്തികളില് നിന്ന് വിട്ടുനില്ക്കാന് എല്ലാ യാത്രക്കാരോടും അതില് അഭ്യര്ത്ഥിച്ചു.
”ഉള്പ്പെടുന്ന വ്യക്തികള്ക്കും മറ്റ് യാത്രക്കാര്ക്കും ജീവന് ഭീഷണിയായ ഇത്തരം സുരക്ഷിതമല്ലാത്ത പ്രവര്ത്തനങ്ങളില് നിന്നും വിട്ടുനില്ക്കാന് സെന്ട്രല് റെയില്വേ യാത്രക്കാരോട് അഭ്യര്ത്ഥിക്കുന്നു. ഈ പ്രവര്ത്തനങ്ങള് മാരകമായ പ്രത്യാഘാതങ്ങള്ക്ക് ഇടയാക്കും, കൂടാതെ ആരെങ്കിലും ഇത് ചെയ്യുന്നുണ്ടെങ്കില് ഉടന് 9004410735 അല്ലെങ്കില് 139 എന്ന മൊബൈല് നമ്പറില് വിളിച്ച് അറിയിക്കണം. ഇത് സുരക്ഷിതമായ യാത്രാ സാഹചര്യങ്ങള് സൃഷ്ടിക്കുകയും ട്രാക്കുകളിലെ മരണങ്ങള് കുറയ്ക്കുകയും ചെയ്യും, ”ആര്പിഎഫ് അഭ്യര്ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: