ഷിരൂര്‍ : ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവര്‍ അര്‍ജുനായി ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന തുടങ്ങി. കുന്ദാപുരയില്‍ നിന്നുളള മത്സ്യത്തൊഴിലാളികളാണ് നദിയില്‍ പരിശോധന നടത്താന്‍ എത്തിയിട്ടുളളത്.
ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുളള പ്രാദേശിക മത്സ്യത്തൊഴിലാളികളാണ് നദിയില്‍ പരിശോധന നടത്താനായി എത്തിയത്. ഈശ്വര്‍ മാല്‍പെ രണ്ട് തവണ നദിയില്‍ മുങ്ങി പരിശോധന നടത്തിയ ശേഷം പെട്ടെന്ന് തിരികെ കയറി. മൂന്നാം തവണ മുങ്ങിയപ്പോള്‍ കരയില്‍ നിന്ന് ഈശ്വര്‍ മാല്‍പെയുടെ അരയില്‍ ബന്ധിച്ചിരുന്ന കയര്‍ പൊട്ടി 100 മീറ്ററോളം ഒഴുകിപ്പോയി. തുടര്‍ന്ന് നാവിക സേനയുടെ ബോട്ടെത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.ഇതിന് ശേഷം ഒരിക്കല്‍ കൂടി ഈശ്വര്‍ മാല്‍പെ മുങ്ങിത്തപ്പി തിരിച്ചു കയറി.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് നദിയില്‍ രൂപപ്പെട്ട മണ്‍തിട്ടയിലാണ് മത്സ്യത്തൊഴിലാളികളും നാവികസേനാംഗങ്ങളും ദുരന്തനിവാരണ സേനയുംനിലയുറപ്പിച്ചിട്ടുളളത്. ശക്തമായ സിഗ്നല്‍ ലഭിച്ച നാലാമത്തെ പോയിന്റിലാണ് മുങ്ങിത്തപ്പുന്നത്. കേരളത്തില്‍ നിന്നുളള എം എല്‍ എമാരായ അഷ്റഫ്, വിജിന് കാര്‍വാര്‍ എം എല്‍ എ സതീശ് സെയില്‍
എന്നിവരും മണ്‍തിട്ടയിലുണ്ട്.
നദിയില്‍ ശക്തമായ അടിയൊഴുക്ക് തുടരുന്നെങ്കിലും ഇനിയും ഇറങ്ങാന്‍ സന്നദ്ധമാണെന്നാണ് ഈശ്വര്‍ മാല്‍പെ പറഞ്ഞത്.ഇരുപതിലേറെ നിര്‍ണായക രക്ഷാദൗത്യത്തില്‍ പങ്കെടുത്ത് വിജയിച്ചിട്ടുളള വിദഗ്ധനാണ് ഈശ്വര്‍ മാല്‍പെ. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
വെളളത്തിനടിയിലെ ട്രക്ക് കണ്ടെത്തി കാബിനില്‍ അര്ജുന് ഉണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. മഴ മാറി നില്‍ക്കുന്നത് ആശ്വാസം പകരുന്നുണ്ട്.
നാവിക സേനയുടെ മുങ്ങല്‍ വിദഗദ്ധര്‍ ഈശ്വര്‍ മാല്‍പെയ്ക്ക് നിര്‍ദ്ദേശങ്ങളുമായി രംഗത്തുണ്ട്. കലങ്ങി കുത്തിയൊഴുകുന്ന വെളളത്തില്‍ കാഴ്ച സാധ്യമാകാത്തതും ശക്തമായ അടിയൊഴുക്കും മൂലം നാവിക സേന മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് നദിയില്‍ ഇറങ്ങി പരിശോധനയ്ക്ക് പരിമിയുളളതിനാലാണ് പരിചയസമ്പന്നനായ ഈശ്വര്‍ മാല്‍പെയെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് തെരച്ചിലിനായി എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: