തൊടുപുഴ: പത്രാധിപര്‍, എഴുത്തുകാരന്‍, വിവര്‍ത്തകന്‍, കാര്‍ട്ടൂണിസ്റ്റ്, ആര്‍എസ്എസ് പ്രചാരകന്‍, ഭാഷാ പണ്ഡിതന്‍ തുടങ്ങി നിരവധി മേഖലകളിലൂടെ പ്രശസ്തനായ ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്റെ നവതി ആഘോഷങ്ങള്‍ ഇന്നു തൊടുപുഴയില്‍ തുടങ്ങും. ഇടുക്കിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച അദ്ദേഹത്തിന്റെ നവതി ആഘോഷങ്ങള്‍ പരിവാര്‍ സംഘടനകളാണ് ഒരുക്കുന്നത്.
ഇന്ന് വൈകിട്ട് അഞ്ചിന് ഇടയ്‌ക്കാട്ടുകയറ്റം ജോഷ് പവിലിയനില്‍ പി. നാരായണന്‍ രചിച്ച പുസ്തകങ്ങളുടെയും തര്‍ജ്ജമ ചെയ്ത പുസ്തകങ്ങളുടെയും പ്രദര്‍ശനവും വില്പനയും. 5.30നു ഡോക്യുമെന്ററി പ്രദര്‍ശനം. ആറിന് സംഘപഥത്തിലെ നാരായണം എന്ന കുടുംബ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ മുന്‍ സഹസര്‍കാര്യവാഹ് വി. ഭാഗയ്യ മുഖ്യപ്രഭാഷണം നടത്തും. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറും പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ തോമസ് ജേക്കബ് അധ്യക്ഷനാകും.
മുന്‍ ഡിജിപി ജേക്കബ് തോമസ്, രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, നവതി ആഘോഷ സമിതി സംയോജകന്‍ എ. സന്തോഷ് ബാബു എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പി. നാരായണന്‍ മറുപടി പറയും.
പി. നാരായണന്‍ രചിച്ച് ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന സംഘപഥത്തിലൂടെ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം പ്രീപബ്ലിക്കേഷന്‍ ഉദ്ഘാടനവും, മധുശ്രീ മുഖര്‍ജിയുടെ ബ്രിട്ടീഷ് ഇന്ത്യ-ഇരുണ്ട കാലം എന്ന പുസ്തകത്തിന് അദ്ദേഹം തയ്യാറാക്കിയ മലയാള പരിഭാഷ പ്രകാശനവും തുടര്‍ന്നുണ്ടാകും. സമ്മേളനാനന്തരം നെല്ലിക്കാവ് ബാലഗോകുലം, കുടയത്തൂര്‍ ശബരി ബാലിക സദനം എന്നിവരുടെ കലാനിശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: